വിഭാഗങ്ങളാക്കി കൊവിഡ് നിയന്ത്രണം: പ​രി​ഷ്ക്കാരത്തിൽ '​പ​ണികിട്ടി' ​ഓ​ട്ടോ​ക്കാ​ർ

Monday 26 July 2021 12:02 AM IST

കോഴിക്കോട്: ഓരോ വിഭാഗമായി തിരിച്ച് കൊവിഡ് നിയന്ത്രണം വന്നതോടെ കഷ്ടത്തിലായത് ഓട്ടോ തൊഴിലാളികൾ. മാസങ്ങൾ നീണ്ട പ്രതിസന്ധി അയഞ്ഞ് ഓട്ടോകൾ ഉരുളാൻ തുടങ്ങിയപ്പോഴാണ് റോഡിൽ പുതിയ കീറാമുട്ടി. സമ്പൂ‌ർണ അടച്ചിടൽ ഒഴിവാക്കാനാണ് തദ്ദേശ ഭരണ പ്രദേശങ്ങളെ രോഗവ്യാപന തോതനുസരിച്ച് എ, ബി, സി, ഡി വിഭാഗമാക്കി നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ പരിഷ്ക്കാരത്തിൽ പരിക്കുപറ്റിയത് ഓട്ടോക്കാർക്കാണ്. നിയന്ത്രണം കുറഞ്ഞ സ്ഥലത്തേക്ക് ഓട്ടം വിളിച്ചാലും പോകുന്ന വഴിയിൽ എവിടെയെങ്കിലും ഡി (നിയന്ത്രണം കൂടിയത്) വിഭാഗം കുടുങ്ങിയാൽ പെട്ടതുതന്നെ. ലക്ഷ്യസ്ഥാനത്തെത്താൻ പിന്നെ വട്ടംകറങ്ങണം. അതിനിടെ റോഡുകൾ അടച്ചവരുടെ തെറി അഭിഷേകവും. കൂട്ടത്തിൽ പൊലീസിന്റെ താക്കീത് വേറെയും. ചുറ്റിത്തിരിഞ്ഞ് കിലോമീറ്റർ കൂടിയാലും ഓട്ടോചാർജ് കൂടുതൽ വാങ്ങാൻ കഴിയില്ല. പല ദിവസങ്ങളിലും ഇന്ധന ചെലവ് കഴിച്ചാൽ കൈയിലൊന്നും ഉണ്ടാവില്ല. ഓട്ടം കുറഞ്ഞ് നഷ്ടത്തിലായതോടെ നിരവധി ഓട്ടോകൾ കട്ടപ്പുറത്താണ്.വല്ലാതെ ജീവിതം മുട്ടുമ്പോഴാണ് ചിലരെങ്കിലും വണ്ടിയെടുത്ത് റോഡിലിറങ്ങുന്നത്.അവരുടെ മുന്നിലാണ് ഈ നിയന്ത്രണ കടമ്പ. യാത്രാനുമതിയുള്ള സ്ഥലങ്ങളിലേക്ക് പോലും ഓട്ടം പോകാൻ കഴിയുന്നില്ലെന്നാണ് ഓട്ടോതൊഴിലാളികൾ പറയുന്നത്. വാക്സിൻ സ്വീകരിച്ചവർ മാത്രമേ ഓട്ടോ നിരത്തിലിറക്കാൻ പാടുളളൂവെന്ന വ്യവസ്ഥയും തിരിച്ചടിയായിട്ടുണ്ട്. വാക്സിൻ സ്ളോട്ട് ലഭിക്കാത്തതിനാൽ ഓട്ടോ ഓടിക്കുന്ന ഭൂരിഭാഗം യുവാക്കളും വാക്സിൻ സ്വീകരിച്ചിട്ടില്ല. ഇവരിൽ പലരും ഓട്ടം നിർത്തിയിരിക്കുകയാണ്. ദിനംപ്രതി ഉയരുന്ന ഇന്ധന വിലയും ഇവരെ പ്രതിസന്ധിയിലാക്കുന്നു. 15 വർഷമായ വാഹനങ്ങൾ പൊളിച്ചു പണിയണമെന്ന നിബന്ധനയും തിരിച്ചടിയായി.കൂടാതെ നികുതി, ഇൻഷ്വറൻസ്, സി.സി തുടങ്ങിയ ബാദ്ധ്യതകളുമുണ്ട്. സർക്കാർ ഇതിലൊന്നും യാതൊരു ഇളവും നൽകിയിട്ടില്ല. കൊവിഡ് ഭീതിയിൽ ആളുകൾ ഓട്ടോയിൽ കയറാൻ മടിക്കുന്നതിനാൽ രാവിലെ മുതൽ രാത്രിവരെ നിന്നാലും ദിവസം 500 രൂപയിൽ കൂടുതൽ കിട്ടാറില്ല. ഓട്ടോ തൊഴിൽ കൊണ്ട് മാത്രം കാര്യങ്ങൾ നടക്കാതായതോടെ പലരും മറ്റെന്തെങ്കിലും തൊഴിൽകൂടി ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്.

''പ്രാദേശിക നിയന്ത്രണങ്ങളും ഇന്ധന വില വർദ്ധനയും ഞങ്ങളെ തകർത്തു കൊണ്ടിരിക്കുകയാണ്. അനുമതിയുളള സ്ഥലങ്ങളിൽ പോലും ഓട്ടോ ഓടിക്കാൻ പറ്റുന്നില്ല. വാക്സിൻ എടുത്തവർ മാത്രമേ ഓട്ടോ ഓടിക്കാവൂ എന്നു പറയുന്നു. ഞങ്ങളിൽ കുറേപേർ സ്ളോട്ട് കിട്ടാത്തതിനാൽ വാക്സിൻ എടുത്തിട്ടില്ല''-

സജീവ് കുമാർ, ഓട്ടോ തൊഴിലാളി

Advertisement
Advertisement