ബയോഡാറ്റയിൽ വ്യാജ വിവരങ്ങൾ: ഗവർണർക്ക് മുമ്പിലും ഉത്തരം മുട്ടി കാർഷിക യൂണി.വി.സി

Sunday 25 July 2021 11:41 PM IST

തിരുവനന്തപുരം:ബയോഡാറ്റയിൽ വ്യാജ വിവരങ്ങൾ എഴുതിച്ചേർത്തെന്ന ആരോപണത്തിൽ ഗവർണർ തേടിയ വിശദീകരണത്തിനും വ്യക്തമായ മറുപടി നൽകാനാകാതെ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു. അദ്ദേഹത്തിന്റെ മറുപടിയിൽ പറയുന്ന വാദങ്ങളെല്ലാം തനിക്കതിരെയുള്ള ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് .

അമേരിക്കയിലെ ചില സർവകലാശാലകൾ സന്ദർശിച്ചിട്ടുള്ള താൻ അവിടങ്ങളിൽ വിസിറ്റിംഗ് സയന്റിസ്റ്റായിരുന്നുവെന്ന വിചിത്ര വാദമാണ് അദ്ദേഹം ഗവർണ‌ർക്ക് മുന്നിൽ ഉന്നയിച്ചത്.എന്നാൽ, ഇതിന്റെ ആധികാരിക രേഖകൾ ഹാജരാക്കിയിട്ടില്ല. ഡോ.ചന്ദ്രബാബു ഒരു വിദേശ സർവകലാശാലയിലും വിസിറ്റിംഗ് ഫാക്കൽറ്റിയായിരുന്നില്ലെന്നാണഅ അദ്ദേഹം നേരത്തെ സേവനമനുഷ്ഠിച്ചിരുന്ന തമിഴ്നാട് കാർഷിക സർവകലാശാല നൽകിയ വിവരാവകാശരേഖ . അദ്ദേഹം വിസിറ്റിംഗ് ഫാക്കൽറ്റിയായിട്ടില്ലെന്ന് അമേരിക്കയിലെ കാലിഫോർണിയ , നോർത്ത് കരോളിന സർവകലാശാല,കളും ബെർക്ക്ലി ജോയിൻറ് ബയോ എനർജി ഇൻസ്റ്റിറ്റ്യൂട്ടും ഇ-മെയിൽ മുഖാന്തിരം അറിയിക്കുകയും ചെയ്തിരുന്നു.

തമിഴ്നാട് കാർഷിക സർവകലാശാലയിൽ ബയോടെക്നോളജി മികവിന്റെ കേന്ദ്രത്തിന് 430 കോടി രൂപ അനുവദിച്ചത് തന്റെ പേരിലാണെന്ന അവകാശവാദം വ്യാജമാണെന്ന ആരോപണത്തിനും വി.സിക്ക് മറുപടിയില്ല. ഈ പ്രോജക്റ്റ് 2017ൽ തുടങ്ങിയെന്നാണ് ബയോഡാറ്റയിൽ പറഞ്ഞിരുന്നത്. എന്നാൽ ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ 2018 എന്ന് തിരുത്തിയിട്ടുണ്ട്. എന്നാൽ, 2017ൽ തന്നെ.തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്ന് ഡോ.ചന്ദ്രബാബു വിരമിച്ചിരുന്നു.

Advertisement
Advertisement