ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ രജിസ്‌ട്രേഷനിൽ വീഴ്ച വരുത്തരുത്: എം.എൽ.എ

Monday 26 July 2021 12:55 AM IST
പള്ളിപ്പുറം മത്സ്യഗ്രാമത്തിൽ മത്സ്യത്തൊഴിലാളികളുടെ ധനസഹായ വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കുന്നു

വൈപ്പിൻ: സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും നിശ്ചിത വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തരുതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇക്കാര്യത്തിൽ ജനപ്രതിനിധികളും സാമൂഹ്യസംഘടനകളും ശ്രദ്ധ പതിപ്പിക്കണം. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു പങ്ക് തൊഴിലാളികളും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം എന്ന വെബ്‌സൈറ്റിൽ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി.

പള്ളിപ്പുറം മത്സ്യഗ്രാമത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡിന്റെ മരണാനന്തര, വിവാഹ ധനസഹായ വിതരണം നിർവ്വഹിക്കുകയായിരുന്നു എം.എൽ.എ. മൂന്നുവിഭാഗങ്ങളിലായി മൊത്തം 3,10,000 രൂപയുടെ ചെക്ക് കൈമാറി. മരിച്ച 12 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 1,80,000 രൂപയും മത്സ്യത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹ ധനസഹായമായി ഏഴുപേർക്ക് 70,000 രൂപയും അനുബന്ധ മത്സ്യത്തൊഴിലാളികൾക്കുള്ള മരണാനന്തര ധനസഹായമായി ആറുപേർക്ക് 60,000 രൂപയുമാണ് നൽകിയത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണിക്കൃഷ്ണൻ, കെ. എഫ്. വിൽസൺ , ഫിഷറീസ് ഓഫീസർ പ്രബിത എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ രാധിക സതീഷ്, സി. എച്ച്. അലി, ബിന്ദു തങ്കച്ചൻ എന്നിവർ സന്നിഹിതരായി.