ഖത്തർ വഴി യാത്രാനുമതി:വിമാന നിരക്ക് മൂന്ന് മടങ്ങ് കൂട്ടി കൊള്ള

Monday 26 July 2021 1:25 AM IST

മലപ്പുറം: ഖത്തർ വഴി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി മുതലെടുത്ത് കേരളത്തിൽ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങിലേറെ വർദ്ധിപ്പിച്ച് വിമാനക്കമ്പനികളുടെ പകൽക്കൊള്ള.

കൊവിഡ് മൂലം തിരിച്ചുപോവാനാവാതെ മാസങ്ങളായി കുടുങ്ങിക്കിടന്ന പ്രവാസികളെയാണ് എയർ ഇന്ത്യയും സ്വകാര്യ കമ്പനികളും കൊള്ളയടിക്കുന്നത്.

ഖത്തറിലേക്ക് ഇക്കണോമി ടിക്കറ്റിന് 8,500 രൂപ വരെ ആയിരുന്നത് ഇപ്പോൾ നേരിട്ടുള്ള വിമാനങ്ങൾക്ക് 30,500 - 40,000 രൂപയും കണക്‌ടിംഗ് വിമാനങ്ങൾക്ക് 22,000 രൂപ മുതലുമാണ്.

അതേസമയം ദോഹയിൽ നിന്ന് കേരളത്തിലേക്ക് 8,745 രൂപ മുതലും നോൺസ്‌റ്റോപ്പ് വിമാനത്തിൽ 11,500 രൂപയ്ക്കും ടിക്കറ്റുണ്ട്. ഖത്തറിലേക്ക് നോൺസ്റ്റോപ്പ് ഫ്‌ളൈറ്റിൽ മൂന്നര മണിക്കൂർ മതിയെങ്കിൽ കണക്ടിംഗ് ഫ്ലൈറ്റിൽ 24 മണിക്കൂറെങ്കിലുമെടുക്കും. കണക്ടിംഗ് വിമാനത്തിനായി എയർപോർട്ടുകളിൽ കാത്തുകെട്ടിക്കിടക്കണം.

ചെലവ് പകുതിയിൽ താഴെ

ഖത്തറിൽ നിന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ദോഹയിൽ നിന്ന് ദുബായിലേക്ക് 14,500 രൂപയ്ക്കും ജിദ്ദയിലേക്ക് 17,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഓൺ അറൈവൽ വിസയും പുനരാംരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്രയാണ് സൗദിയും യു.എ.ഇയും വിലക്കിയത്. ഖത്തർ ഗ്രീൻ ലിസ്റ്റിലാണ്. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 14 ദിവസം ഖത്തറിൽ തങ്ങിയശേഷം സൗദിയിലെത്താം.

ഖത്തർ വഴി യാത്രാനുമതി ലഭിക്കും മുമ്പ് അർമേനിയ, സെർബിയ,​ എത്യോപ്യ വഴിയാണ് പ്രവാസികൾ സൗദിയിലേക്ക് എത്തിയിരുന്നത്. 2.20 ലക്ഷം വരെയാണ് ചെലവ്. ഖത്തർ വഴിയെങ്കിൽ 14 ദിവസത്തെ താമസം, ഭക്ഷണം, ആർ.ടി.പി.സി.ആർ അടക്കം ട്രാവൽ ഏജൻസികൾ ഒന്നേകാൽ ലക്ഷം രൂപയാണ് ഈടാക്കുന്നത്. സ്വന്തം നിലയ്ക്ക് ഖത്തറിലെത്തുന്നവർക്ക് ടിക്കറ്റും ഹോട്ടൽ ബുക്കിംഗും അടക്കം ഒരുലക്ഷം രൂപയിൽ താഴെ മതിയാവും.

ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടുള്ളവർക്കുമാണ് പ്രവേശനം. വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വേണ്ട. ഖത്തറിലെ വിമാനത്താവളത്തിൽ കൊവിഡ് ടെസ്റ്റിന് വിധേയമാവണം.

Advertisement
Advertisement