കിട്ടാക്കട പ്രതിസന്ധിയിൽ സ്വർണപ്പണയ വായ്‌പകൾ

Monday 26 July 2021 3:49 AM IST

കൊച്ചി: കൊവിഡിൽ വൻ സ്വീകാര്യതയേറിയ സ്വർണപ്പണയ വായ്‌പകൾ വൻതോതിൽ കിട്ടാക്കടമായി മാറുന്നത് ബാങ്കുകളെയും ബാങ്കിതര ധനകാര്യ‌സ്ഥാപനങ്ങളെയും ആശങ്കയിലാഴ്‌ത്തുന്നു. തിരിച്ചടവ് മുടങ്ങിയതും സ്വർണവില തകർച്ചയുമാണ് പ്രധാന തിരിച്ചടി. നഷ്‌ടം മറികടക്കാനായി മിക്ക ധനകാര്യ സ്ഥാപനങ്ങളും കിട്ടാക്കടമായ വായ്‌പകളിലെ ഈടുവച്ച സ്വർണപ്പണയങ്ങളുടെ ലേലവും ഊർജിതമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ പ്രമുഖ എൻ.ബി.എഫ്.സിയായ മണപ്പുറം ഫിനാൻസ് ലേലം ചെയ്‌തത് 404 കോടി രൂപ മതിക്കുന്ന ഒരു ടൺ സ്വർണമാണ്. തൊട്ടുമുമ്പത്തെ മൂന്നു പാദങ്ങളിലെ മൊത്തം ലേലം എട്ട് കോടി രൂപ മാത്രമായിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ ആകെ ലേലം 412 കോടി രൂപയും. കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം ഇടിഞ്ഞതിനാൽ സാമ്പത്തികാവശ്യം നിറവേറ്റാൻ ജനങ്ങളും ചെറുകിട സംരംഭങ്ങളും കഴിഞ്ഞവർഷം സ്വർണപ്പണയ വായ്‌പകളെ വൻതോതിൽ ആശ്രയിച്ചിരുന്നു. 2020 ആഗസ്‌റ്റിൽ സ്വർണവില എക്കാലത്തെയും ഉയരത്തിൽ എത്തിയതും (പവന് 42,000 രൂപ, ഗ്രാമിന് 5,250 രൂപ) സ്വർണപ്പണയ വായ്‌പകളുടെ ലോൺ-ടു-വാല്യു (എൽ.ടി.വി) റിസർവ് ബാങ്ക് 90 ശതമാനമാക്കി ഉയർത്തിയതും സ്വർണവായ്‌പകളെ ആകർഷകമാക്കി.

പണയംവച്ചാൽ കൂടുതൽ തുക ലഭിക്കുമെന്നതാണ് എൽ.ടി.വി ഉയർത്തിയതിന്റെ നേട്ടം. ഡിമാൻഡ് ഏറിയതോടെ, പതിവിന് വിപരീതമായി പൊതുമേഖലാ ബാങ്കുകളും സ്വർണവായ്‌പ നൽകാൻ മത്സരിച്ചു. എന്നാൽ, പ്രതീക്ഷകൾ തെറ്റിച്ച് കൊവിഡ് രണ്ടാംതരംഗമുണ്ടായതും സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ തിരിച്ചടവ് നിർജീവമായതും സ്വർണവില കുറഞ്ഞതും വായ്‌പകളെ കിട്ടാക്കടത്തിലേക്ക് നയിക്കുകയായിരുന്നു. തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ മൊത്തം വായ്‌പകളിൽ 38 ശതമാനത്തോളം സ്വർണവായ്‌പകളാണ്. എന്നാൽ, കഴിഞ്ഞപാദത്തിൽ ബാങ്കിന്റെ പുതിയ കിട്ടാക്കട ബാദ്ധ്യതയായ 435 കോടി രൂപയിൽ 337 കോടി രൂപയും സ്വർണവായ്‌പകളായിരുന്നു. ഫെഡറൽ ബാങ്ക് കഴിഞ്ഞപാദത്തിൽ സ്വർണവായ്‌പയിൽ മാത്രം 50 കോടി രൂപയുടെ പുതിയ ബാദ്ധ്യത രേഖപ്പെടുത്തി.

ഡിമാൻഡിൽ കുറവില്ല

കിട്ടാക്കടം കൂടുകയാണെങ്കിലും സ്വർണപ്പണയ വായ്‌പകൾക്ക് ഇപ്പോഴും മികച്ച ഡിമാൻഡുണ്ട്. കഴിഞ്ഞപാദത്തിൽ ഫെഡറൽ ബാങ്ക് കുറിച്ച വളർച്ച 53.90 ശതമാനമാണ്. എസ്.ബി.ഐയുടെ സ്വർണ വായ്‌പകൾ ഏറെവർഷം മുമ്പുവരെ 3,000 കോടി രൂപയോളമായിരുന്നത് കഴിഞ്ഞവർഷം 20,000 കോടി രൂപ കടന്നു. മറ്റു ബാങ്കുകളിലും എൻ.ബി.എഫ്.സികളിലും കാണുന്നത് മികച്ച വളർച്ചയാണ്.

കടുപ്പമായി നിബന്ധനകൾ

കിട്ടാക്കട വർദ്ധന ചെറുക്കാൻ സ്വർണപ്പണയ വായ്‌പകളിന്മേലുള്ള നിബന്ധനകൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട് ബാങ്കുകൾ. സി.എസ്.ബി ബാങ്ക് ലോൺ-ടു-വാല്യു (എൽ.ടി.വി) 90 ശതമാനത്തിൽ നിന്ന് 75 ശതമാനത്തിലേക്ക് കുറച്ചു. കേരളത്തിലെ അർബൻ ബാങ്കുകളിൽ 90 ദിവസം പിന്നിട്ട സ്വർണവായ്‌പകൾ പുതുക്കി നൽകരുതെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്‌പയുടെ കാലാവധി മൂന്നുമാസമായി ചുരുക്കിയിട്ടുമുണ്ട്.

തിളക്കത്തോടെ സ്വർണവായ്‌പ

മ. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം ഇന്ത്യയിലെ മൊത്തം സ്വർണപ്പണയ വായ്‌പാമൂല്യം ആറുലക്ഷം കോടി രൂപയാണ്. ഇതിൽ 75 ശതമാനം അസംഘടിത മേഖലയിലാണ്.

 സംഘടിത മേഖലയിലെ മൊത്തം സ്വർണപ്പണയ വായ്‌പകൾ കഴിഞ്ഞവർഷം 1.6 ലക്ഷം കോടി രൂപയിൽ നിന്ന് രണ്ടുലക്ഷം കോടി രൂപയിലെത്തിയിരുന്നു

 ഇതിൽ 1.20 ലക്ഷം കോടി രൂപ ബാങ്കുകളിലും 80,000 കോടി രൂപ എൻ.ബി.എഫ്.സികളിലുമാണ്.

Advertisement
Advertisement