ബാങ്കിംഗ് രംഗത്തെ ശമ്പളത്തിൽ ഒന്നാമനായി ആദിത്യ പുരി

Monday 26 July 2021 3:55 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) സ്വകാര്യ ബാങ്കുകളുടെ മേധാവികളിൽ ശമ്പളത്തിൽ മുന്നിലെത്തിയത് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മുൻ സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുമായ ആദിത്യ പുരി. 13.82 കോടി രൂപയാണ് റിട്ടയർമെന്റ് വർഷത്തിൽ അദ്ദേഹം വാങ്ങിയ വേതനം. അദ്ദേഹത്തിന്റെ പിൻഗാമിയായി ഒക്‌ടോബർ 27ന് ചുമതലയേറ്റ ശശിധർ ജഗദീശൻ വാങ്ങിയ വേതനം 4.77 കോടി രൂപ. വിരമിക്കൽ അനന്തര ആനുകൂല്യമായ 3.5 കോടി രൂപ കൂടി ചേർന്നതാണ് പുരിയുടെ വേതനം.

അതേസമയം, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മുഖ്യ എതിരാളിയായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സന്ദീപ് ബക്‌ഷി, കഴിഞ്ഞവർഷത്തെ വേതനം (അടിസ്ഥാന ശമ്പളവും സപ്ളിമെന്ററി ആനുകൂല്യങ്ങളും) വേണ്ടെന്നുവച്ചു. എന്നാൽ, മറ്റ് ആനുകൂല്യങ്ങളായി 38.38 ലക്ഷം രൂപയും പെർഫോമൻസ് ബോണസായി 63.60 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിച്ചു. മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ അമിതാഭ് ചൗധരിക്ക് ലഭിച്ച വേതനം 6.52 കോടി രൂപ. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്‌ടർ വിശാഖ മുല്യേയ്ക്ക് 5.64 കോടി രൂപയും ലഭിച്ചിരുന്നു.

കോടിപതികൾ കൂടുതൽ

എച്ച്.ഡി.എഫ്.സിയിൽ

പ്രതിവർഷം 8.5 ലക്ഷം രൂപയിൽ ശമ്പളംപറ്റുന്ന ജീവനക്കാർ അഥവാ 'ക്രോർപതി ബാങ്കേഴ്‌സ്" ഏറ്റവുമധികമുള്ളത് എച്ച്.ഡി.എഫ്.സി ബാങ്കിലാണ്; 200 പേർ. ആക്‌സിസ് ബാങ്കിലുള്ളത് 69 പേർ.

Advertisement
Advertisement