സ്വർണം നേടാൻ ചൈനീസ് വെയ്റ്റ്ലിഫ്റ്റിംഗ് താരത്തിന്റെ 'പ്രത്യേക ആക്ഷൻ', ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പ്

Monday 26 July 2021 9:36 AM IST

ടോക്യോ: ഒളിമ്പിക്സ് പുരുഷവിഭാഗം ഭാരദ്വഹനത്തിൽ ചൈനീസ് താരത്തിന്റെ പ്രത്യേക തരത്തിലുള്ള ലിഫ്റ്റ് ശ്രദ്ധേയമാകുന്നു. പുരുഷന്മാരുടെ 61 കിലോ വിഭാഗത്തിൽ മത്സരിച്ച ലീ ഫാബിനാണ് പ്രത്യേക തരത്തിലുള്ള ആക്ഷൻ പുറത്തെടുത്തത്. ഭാരം എടുത്തുയർത്തിയശേഷം ഒറ്റകാലിൽ നിന്ന് കൊണ്ട് ഭാരത്തെ ബാലൻസ് ചെയ്യുകയാണ് ലീ ഫാബിന്റെ രീതി. രണ്ട് കാലിൽ ഭാരം ഉയർത്താൻ പലരും വിഷമിക്കുമ്പോഴാണ് ഒറ്റകാലിൽ നിന്നുകൊണ്ടുള്ള ലീ ഫാബിന്റെ പ്രകടനം.

എന്നാൽ താൻ ഇത് പ്രശസ്തിക്കു വേണ്ടി ചെയ്യുന്നതല്ലെന്നും ഒറ്റകാലിൽ നിൽക്കുമ്പോൾ ഭാരം ബാലൻസ് ചെയ്യാൻ തനിക്ക് എളുപ്പത്തിൽ സാധിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ലീ ഫാബിൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആരും ഇത് വീട്ടിൽ പരീക്ഷിക്കരുതെന്നും തനിക്ക് ബലമേറിയ പേശികൾ ഉള്ളതിനാലാണ് ഒറ്റകാലിൽ ഭാരം ഉയർത്താൻ സാധിക്കുന്നതെന്നും മറ്റുള്ളവർ ഇത് അനുകരിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ലീ ഫാബിൻ പറഞ്ഞു.

ഒറ്റ ശ്രമത്തിൽ തന്നെ 166 കിലോയോളം ഭാരമാണ് ലീഫാബിൻ ഉയർത്തുന്നത്. ഇത് അദ്ദേഹത്തിന്റെ ശരീരഭാരത്തിന്റെ മൂന്നിരട്ടിയോളം വരും. മത്സരത്തിൽ മൊത്തം 313 കിലോ ഉയർത്തിയ ലീ ഫാബിൻ സ്വർണം സ്വന്തമാക്കി. 302 കിലോ ഉയർത്തിയ ഇന്തോനേഷ്യയുടെ യുലീ ഇരാവാൻ വെള്ളി മെഡലും നേടി.