ഒളിമ്പിക്സ് ഇവർക്ക് വെറും കുട്ടിക്കളി, സ്കേറ്റ് ബോർഡിൽ സ്വർണവും വെള്ളിയും നേടിയ താരങ്ങൾക്ക് വയസ് 13

Monday 26 July 2021 2:47 PM IST

ടോക്യോ: പ്രായത്തിലൊന്നും വലിയ കാര്യമില്ലെന്ന് ഒരുപക്ഷേ ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങൾ കാണുന്നവരെങ്കിലും സമ്മതിക്കും. ഇത് ആദ്യമായി ഒളിമ്പിക്സിലെ മത്സര ഇനമായി മാറിയ സ്കേറ്റ്ബോർഡിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയ താരങ്ങളുടെ പ്രായം വെറും 13 വയസ്. ജപ്പാന്‍റെ മോമിജി നിഷിയയും ബ്രസീലിന്റെ റെയ്സ ലീലിനും ആണ് യഥാക്രമം സ്വർണവും വെളളിയും സ്വന്തമാക്കിയത്. വെങ്കലം നേടിയ ജപ്പാന്‍റെ തന്നെ ഫ്യൂന നകായാമയുടെ പ്രായം 16.

15.26 പോയിന്റ് നേടിയാണ് നിഷിയ സ്വർ‌ണം കരസ്ഥമാക്കിയത്. റെയ്സ 14.64ഉം ഫ്യൂന 14.49 പോയിന്റും സ്വന്തമാക്കി.

45 സെക്കൻഡ് വരെയാണ് ഒരു മത്സരാർത്ഥിക്ക് നൽകുന്ന സമയപരിധി. ഈ സമയപരിധിയിൽ പരമാവധി അഞ്ചു തവണവരെ ഒരു ട്രിക്ക് ഇവർക്ക് പുറത്തെടുക്കാം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന താരം വിജയിക്കും. സ്കേറ്റ്ബോർഡിനെ കൂടാതെ സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ്, കരാട്ടെ എന്നിവയും ഇത്തവണ ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.