നീന്തൽ പരിശീലകന്റെ ആഹ്ളാദപ്രകടനത്തിൽ ഞെട്ടിത്തരിച്ച് അടുത്തിരുന്നവർ, വോളന്റിയർമാർ വരെ ഓടി രക്ഷപ്പെട്ടു

Monday 26 July 2021 4:22 PM IST

ടോക്യോ: ഒട്ടും പ്രതീക്ഷിക്കാതെ ഒരു ഒളിമ്പിക്സ് സ്വർണം കിട്ടിയാൽ എങ്ങനെ പ്രതികരിക്കണമെന്ന് പലർക്കും നിശ്ചയമുണ്ടാവില്ല. അത് അമേരിക്കയുടെ കാത്തി ലെഡെക്കിയെ പോലൊരു താരത്തെ തോല്പിച്ചിട്ടു കൂടിയാണെങ്കിൽ പിന്നെ ഒന്നും പറയേണ്ട. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ലെഡെക്കിയെ തോല്പിച്ച് സ്വർണം നേടിയ ഓസ്ട്രേലിയയുടെ അരിയാന്നെ ടിട്‌മസിന്റെ പരിശീലകൻ ഡീൻ ബൊക്സാലിന്റെ ആഹ്ളാദപ്രകടനം ട്വിറ്ററിൽ ട്രെൻഡിംഗാണ്.

അരിയാന്നെ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ തന്നെ തന്റെ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ ബൊക്സാൽ പിന്നെ അവിടെ കാണിച്ചുകൂട്ടിയതൊന്നും സങ്കല്പിക്കാൻ പോലും സാധിക്കില്ല. അടുത്തിരുന്നവർ എല്ലാം ബെക്സാലിന്റെ പ്രകടനം കണ്ട് പേടിച്ച് മാറിയിരുന്നു. അടുത്ത് നിന്ന ഒരു വൊളന്റിയർ ബെക്സാലിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കാര്യമൊന്നും ഇല്ലെന്ന് മനസിലാക്കി അവരും പിന്മാറി.