സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം,​ പല ജില്ലകളിലും വാക്സിൻ സ്റ്റോക്ക് തീർന്നെന്ന് ആരോഗ്യമന്ത്രി

Monday 26 July 2021 6:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും കൊവിഡ് പ്രതിരോധ വാക്സിൻ സ്റ്റോക്ക് തീർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ പല ജില്ലകളിലും വാക്സിനേഷൻ നിലച്ച സ്ഥിതിയാണ്. തിരുവനന്തപുരത്തും കൊല്ലത്തും വാക്സിൻ ക്ഷാമത്തെ തുടർന്ന് ഇന്ന് സർക്കാർതലത്തിൽ വാക്സിനേഷൻ നടന്നിരുന്നില്ല.

ദേശീയ ശരാശരിയേക്കാൾ കേരളത്തിലെ വാക്സീനേഷൻ തോത് കൂടുതലാണ്.

തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും വാക്സീൻ സ്റ്റോക്ക് ഇല്ല. പൂർണമായ കണക്ക് ലഭ്യമായിട്ടില്ല. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിരന്തരം അവരെ ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വാക്സീൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കണക്ക് സുതാര്യമാണെന്നും അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സീൻ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. അമ്പത് ശതമാനത്തോളം പേർക്ക് രോഗം വരാതിരുന്നത് സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് 45 വയസിന് മുകളിൽ ഉള്ള 76 ശതമാനം പേർക്ക് ഫസ്റ്റ് ഡോസ് വാക്സീൻ നൽകാനായെന്ന് മന്ത്രി പറഞ്ഞു. 35% ആളുകൾക്ക് രണ്ട് ഡോസും നൽകാനായി. ജൂലായ് 18ന് ശേഷം കുറച്ച് കൂടി വാക്സീൻ ലഭിച്ചിരുന്നു. കിട്ടിയത് അനുസരിച്ച് വാക്സീൻ നൽകാനായി. പല ജില്ലകളിലും വാക്സീൻ സ്റ്റോക്ക് തീർന്നു. വാക്സിൻ വാങ്ങി തരേണ്ടവർ തന്നെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റ് അപ്ഡേറ്റ് ആകാത്തത് കൊണ്ടാണ് കേരളത്തിലെ വാക്സീൻ സ്റ്റോക്ക് കാണിക്കാൻ പറ്റാത്തത്. കേരളത്തിൽ ടി.പി.ആർ കൂടുന്നത് പ്രതീക്ഷിക്കപ്പെട്ടതാണ്. സങ്കീർണതകൾ ഒഴിവാക്കി നിയന്ത്രിച്ചു കൊണ്ടുപോകുന്നതായിരുന്നു കേരളത്തിന്റെ രീതിയയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement