എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് വീണ്ടും സമരം തുടങ്ങി

Tuesday 27 July 2021 2:43 AM IST

തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് സമരം അവസാനിപ്പിച്ചുപോയ എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് വീണ്ടും സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങൾക്ക് മുമ്പ് 36 ദിവസം ഉദ്യോഗാർത്ഥികൾ സമരം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായതിനാൽ മന്ത്രിയായിരുന്ന എ.കെ. ബാലന്റെ നേതൃത്വത്തിലാണ് അന്ന് ചർച്ച നടത്തിയത്. സ്ഥാനക്കയറ്റം നൽകി നിയമനങ്ങൾ വേഗത്തിലാക്കുന്നത് ഉൾപ്പെടെ ആറ് ഉറപ്പുകൾ നൽകിയതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്.

എന്നാൽ സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഒരാഴ്ച ബാക്കിനിൽക്കെ യാചനാ സമരവുമായി ഇവരെത്തിയത്. സർക്കാരിനോട് ജോലിക്ക് വേണ്ടി യാചിക്കുന്നു എന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് ഇന്നലെ പ്രതിഷേധം ആരംഭിച്ചത്. പ്രൊമോഷനുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സ്ഥിതിയാണെന്നും റാങ്ക് പട്ടിക നീട്ടിയെങ്കിലും 34 ദിവസത്തിന്റെ നേട്ടം മാത്രമാണ് ലഭിച്ചതെന്നും സമരക്കാർ പറഞ്ഞു.

നിലവിൽ വേറെ റാങ്ക് പട്ടികയില്ല. അടുത്ത പട്ടിക നിലവിൽ വരാൻ കുറഞ്ഞത് എട്ടുമാസമെടുക്കുമെന്നും അതുവരെ കാലാവധി നീട്ടിനൽകി നിയമനം നൽകണമെന്നും റാങ്ക് ഹോൾഡർ പ്രതിനിധി എസ്.ജി. വിഷ്ണു ആവശ്യപ്പെട്ടു. സർക്കാർ ഇത്തവണയും പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരപരമ്പരയുമായി മുന്നോട്ടുപോകുമെന്നും ഇവർ വ്യക്തമാക്കി.

Advertisement
Advertisement