മെഡലുമായി ചാനു വന്നു, ​ഒ​രു​ ​കോ​ടി​ ​രൂ​പയും എ.എസ്‌.പി നി​യ​മ​ന​വും​ ​ പ്രഖ്യാപിച്ച് ​മ​ണി​പ്പൂ​ർ​ സർക്കാർ

Tuesday 27 July 2021 12:09 AM IST

ന്യൂഡൽഹി : ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ നേടിയ ഏക മെഡലുമായി വെയ്റ്റ്ലിഫ്ടിംഗ് താരം മീരാഭായ് ചാനു ഇന്നലെ ന്യൂഡൽഹിയിലെത്തി. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും എയർപോർട്ട് ജീവനക്കാരും ചേർന്ന് ചാനുവിനെയും കോച്ച് വിജയ് ശർമ്മയെയും സ്വീകരിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ മറ്റു സ്വീകരണ പരിപാടിയൊന്നും സംഘടിപ്പിച്ചിരുന്നില്ല. സ്നേഹത്തിനും പ്രാർത്ഥനയ്ക്കും രാജ്യത്തെ ഓരോരുത്തരോടും നന്ദിയുണ്ടെന്ന് ചാനു പറഞ്ഞു. ചാ​നു​വി​ന് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​സ​മ്മാ​ന​ത്തി​ന് ​പു​റ​മേ​ ​അ​ഡി​ഷ​ണ​ൽ​ ​സൂ​പ്ര​ണ്ട് ​ഒ​ഫ് ​പൊ​ലീ​സാ​യി​ ​നി​യ​മ​ന​വും​ ​ന​ൽ​കു​മെ​ന്ന് ​മ​ണി​പ്പൂ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​ബി​രേ​ൻ​ ​സിം​ഗ് ​പ​റ​ഞ്ഞു.

വെള്ളി സ്വർണമാകുമോ?

അതേസമയം ചാനുവിന്റെ വെള്ളിമെഡൽ സ്വർണമായി ഉയർത്തിയേക്കുമെന്ന വാർത്തയാണ് താരമെത്തും മുന്നേ നിറഞ്ഞുനിന്നത്. ചാനുവിനെ തോൽപ്പിച്ച് സ്വർണം നേടിയ ചൈനീസ് താരം ഹാവോ ഷിഹുയിയുടെ ഉത്തേജക പരിശോധനാഫലം വന്നശേഷമേ ടോക്യോ വിടാവൂ എന്ന് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ) നിർദ്ദേശിച്ചെന്ന വാർത്തയാണ് പ്രത്യാശ പകർന്നത്. എന്നാൽ വാഡയുടേത് സാങ്കേതിക നിർദ്ദേശം മാത്രമാണെന്നും ചൈനീസ് താരം മരുന്നടിച്ചതായി പരിശോധനാഫലം വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ആശ്വാസം അചാന്ത മാത്രം

ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന മിക്ക താരങ്ങളും ടോക്യോയിൽ ഇന്നലെ നിരാശപ്പെടുത്തിയപ്പോൾ ആവേശം പകർന്നത് വെറ്ററൻ പുരുഷ ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമൽ മാത്രം. രണ്ടാം റൗണ്ടിൽ പോർച്ചുഗലിന്റെ ടിയാഗോ അപ്പോലോണിയയെ 4-2ന് തോൽപ്പിച്ച് അചാന്ത മൂന്നാം റൗണ്ടിലെത്തി. തന്റെ നാലാം ഒളിമ്പിക്സിൽ പങ്കെടുക്കുന്ന 39 കാരനായ അചാന്ത ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30ന് മൂന്നാം റൗണ്ടിൽ ചൈനയുടെ മാ ലോംഗിനെ നേരിടും.

ഇന്നല ഇന്ത്യ

  • അമ്പെയ്ത്തിൽ പുരുഷ ടീം ക്വാർട്ടറിൽ കൊറിയയോട് കീഴടങ്ങി
  • ടേബിൾ ടെന്നിസിൽ മണിക ബത്ര മൂന്നാം റൗണ്ടിലും സുതീർത്ഥ മുഖർജി രണ്ടാം റൗണ്ടിലും പുറത്ത്
  • നീന്തലിൽ സജൻ പ്രകാശ് ഹീറ്റ്സിൽ നാലാമതെത്തിയെങ്കിലും ടൈമിംഗിൽ 24-ാമതായി പുറത്തായി
  • ഫെൻസിംഗിൽ ഭവാനി ദേവി ആദ്യ റണ്ടിൽ ജയിച്ചെങ്കിലും രണ്ടാം റൗണ്ടിൽ പുറത്തായി
  • ഷൂട്ടിംഗ് സ്കീറ്റ് ഇനത്തിൽ അങ്കത് ബജ്‌വയ്ക്കും മെയ്‌രാജ് ഖാനും ഫൈനലിലെത്താനായില്ല
  • ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിൽ തോറ്റു
  • ടെന്നിസ് രണ്ടാം റൗണ്ടിൽ സുമിത് നാഗൽ ഡാനിൽ മെദ്‌വദേവിനോട് തോറ്റു
Advertisement
Advertisement