വിവിധ വകുപ്പുകളിൽ താത്കാലികക്കാരെ നിയമിക്കാൻ നീക്കമെന്ന് ഉദ്യോഗാർത്ഥികൾ

Tuesday 27 July 2021 2:33 AM IST

തിരുവനന്തപുരം: 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്നതിന് പിന്നാലെ പല വകുപ്പുകളിലും താത്കാലികക്കാരെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ഒഴിവുകൾ ഉണ്ടായിട്ടും പല വകുപ്പുകളും അവ യഥാസമയം റിപ്പോർട്ട് ചെയ്യാത്തത് ഇതുകൊണ്ടാണെന്നും അവർ കുറ്റപ്പെടുത്തി.

റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി ഏറ്റവും കൂടുതൽ താത്കാലികക്കാരെ നിയമിക്കുന്നത് സിവിൽ സപ്ലൈസ് കോർപ്പറേഷനിലാണ്. അയ്യായിരത്തിലധികം താത്കാലിക ജീവനക്കാർ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.

14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ അഡ്വൈസ് മെമ്മോ ലഭിച്ചത് 1635 പേർക്ക് മാത്രമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രതിഷേധം മറികടക്കാൻ ഡിസ്‌പ്ലേ സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ്, ഹെൽപർ എന്നീ പേരുകളിലാണ് താത്കാലികക്കാരെ നിയമിച്ചതെന്നാണ് ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇവർ ചെയ്യുന്നത് അസിസ്റ്റന്റ് സെയിൽസ്മാൻമാർ ചെയ്യേണ്ട ജോലികളാണ്.

''

പ്രതികൂലമായ ഇപ്പോഴത്തെ അവസ്ഥയെങ്കിലും പരിഗണിച്ച് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയാണ് വേണ്ടത്. ഇക്കാര്യം തീരുമാനമായി എടുത്ത് പി.എസ്.സിക്ക് സർക്കാരിനെ അറിയിക്കാൻ കഴിയും. നേരത്തെ പല തവണ റാങ്ക് ലിസ്റ്റ് നീട്ടിയിട്ടുണ്ട്.

സിമി റോസ് ബെൽജോൺ, മുൻ പി.എസ്.സി അംഗം

ലാസ്റ്റ് ഗ്രേഡ് പട്ടിക
6 മാസത്തേക്ക്നീട്ടണം:വി.ഡി .സതീശൻ

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളോട്, മുമ്പ് സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണ് സർക്കാർ കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഉദ്യോഗാർത്ഥികളുമായി അന്നത്തെ മന്ത്രി എ.കെ.ബാലൻ നടത്തിയ ചർച്ചയിലെ ഒരു നിർദേശവും നടപ്പാക്കിയില്ല. ഉദ്യോഗാർത്ഥികളെ പരിഹസിക്കുന്ന സമീപനമാണ് സർക്കാരിന്റെത്. ഗതികേട് കൊണ്ടാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല. റാങ്ക് പട്ടിക നിലനിന്ന കാലത്ത് നിയമനം കാര്യമായി നടന്നില്ല. വേറെ റാങ്ക് പട്ടികയില്ലാത്തതിനാൽ നിലവിലെ പട്ടികയുടെ കാലാവധി ആറു മാസത്തേക്ക് നീട്ടണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

Advertisement
Advertisement