കൊടകര കുഴൽപ്പണക്കേസ്: സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Tuesday 27 July 2021 2:35 AM IST

തിരുവനന്തപുരം: കൊടകര കുഴൽപ്പണകേസിൽ ബി.ജെ.പിക്കാരെ രക്ഷപ്പെടുത്തി, തങ്ങൾക്കെതിരായ കേസുകളിൽ നിന്നു തലയൂരാനുള്ള ഒത്തുകളിയാണ് സി.പി.എമ്മും, സർക്കാരും നടത്തുന്നതെന്ന് പ്രതിപക്ഷം

നിയമസഭയിൽ ആരോപിച്ചു. എന്നാൽ ,നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു കിട്ടാൻ ബി.ജെ.പിയുമായി ഒത്തുകളിച്ചത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

കൊടകര കേസ് സഭയിൽ ചർച്ച ചെയ്യാനുള്ള അടിയന്തരപ്രമേയത്തിന് റോജി എം. ജോൺ അവതരണാനുമതി തേടിയപ്പോഴാണ് ഈ ആക്രമണ പ്രത്യാക്രമണം . അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി നേതൃത്വത്തിന്റെ അറിവാേടെ 100 കണക്കിന് കോടികൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതികൾ സാക്ഷികളായത് പിണറായി മാജിക്കാണെന്ന് പരിഹസിച്ചു. കുഴൽപ്പണം ബി.ജെ.പിയുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പ്രതികളാകേണ്ടവർ സാക്ഷികളായി മാറിയതോടെ കുറ്റപത്രത്തിന്റെ ഭാവി എന്താകുമെന്ന് സംശയമുണ്ടെന്ന് റോജി എം ജോൺ പറഞ്ഞു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച് തിരിച്ചിവിടെ കാലുകുത്തിയപ്പോൾ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസ് കമ്മിഷണർക്ക് സ്ഥലംമാറ്റം. കുഴൽപ്പണകേസിലെ പ്രതികൾ സാക്ഷികളായെന്നും റോജി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ഒത്തുകളിച്ച് വോട്ടുവാങ്ങിയിട്ടും ജയിക്കാനാവാതെ നാണംകെട്ടത് പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇടതുസർക്കാരിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ തന്നെയാണ് പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രീയമായി തർക്കിക്കാം. എന്നാൽ നാടിന്റെ വികസനത്തിൽ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അതദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

സി.ബി.ഐ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമാണെന്നും ,ഇ.ഡി ഡെർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റാണും കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം പറയുന്നതിനോട് ഇവിടത്തെ നേതൃത്വത്തിന് യോജിപ്പില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വർണം പിടിച്ചപ്പോൾ കേന്ദ്ര ഏജൻസികളെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

Advertisement
Advertisement