സംരക്ഷണമില്ല, അവഗണനമാത്രം കാമ്പിത്താൻ മണ്ഡപം വിസ്മൃതിയിൽ

Tuesday 27 July 2021 12:10 AM IST
കാമ്പിത്താൻ മണ്ഡപം

കടമ്പനാട് : പുരാവസ്തുവകുപ്പ് ഏറ്റെടുത്ത മണ്ണടി കാമ്പിത്താൻ സ്മൃതി മണ്ഡപം സംരക്ഷണമില്ലാതെ നശിക്കുന്നു. കരിങ്കല്ലിൽ തീർത്ത മനോഹരങ്ങളായ കൊത്തുപണികളുള്ള മണ്ഡപമാണ് കാമ്പിത്താൻ സ്മൃതി മണ്ഡപം. മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിന് തെക്ക് കല്ലടയാറിന്റെ തീരത്താണ് കാമ്പിത്താൻ സ്മൃതി മണ്ഡപമുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടിതിന്. മണ്ണടി ദേവിയുടെ പ്രതിപുരുഷനായി അറിയപ്പെട്ട അത്ഭുതസിദ്ധിയുള്ള മനുഷ്യനായിരുന്നു കാമ്പിത്താൻ. കല്ലടയാറ്റിലെ ഈ സ്മൃതി മണ്ഡപത്തിന് താഴെയുള്ള കടവിലായിരുന്നു കാമ്പിത്താൻ കുളിച്ചിരുന്നത്. കുളി കഴിഞ്ഞ് കരയ്ക്ക് കയറി വിശ്രമം പതിവായിരുന്നു. കാമ്പിത്താന്റെ വിയോഗത്തിന് ശേഷം അദ്ദേഹം വിശ്രമിച്ചിരുന്ന സ്ഥലത്ത് രാജഭരണ കാലത്ത് സ്മൃതി മണ്ഡപം സ്ഥാപിച്ചു. മണ്ഡപത്തിൽ നിന്ന് ആറ്റിലേക്കിറങ്ങാൻ മനോഹരമായ പടിക്കെട്ടുകളും നിർമ്മിച്ചു. സ്മൃതി മണ്ഡപം സംരക്ഷണമില്ലാതെ നശിച്ചതിനെ തുടർന്ന് പുരാവസ്തുവകുപ്പ് ഏറ്റെടുത്തു. എന്നാൽ സംരക്ഷണം കടലാസിൽ മാത്രം ഒതുങ്ങി.

പായൽ പിടിച്ച് കൽമണ്ഡപം

കൽമണ്ഡപമാകെ പായൽ പിടിച്ച് നശിക്കുകയാണ്. മണ്ഡപത്തിനകത്ത് 100 ചതുരശ്രഅടി വിസ്ത്രീർണമുള്ള രണ്ട് ചെറിയ ഹാളുകളും ഇടയ്ക്ക് ഒരു ഇടനാഴിയുമുണ്ട്. ഇത് ഗ്രിൽ ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്. എലി, പാറ്റ, കീരി എന്നിവ ഇവിടെ താവളമാക്കിയിരിക്കുന്നു. പടി കെട്ടുകളുടെ ഒരു വശത്ത് കാട് വളർന്നതിനാൽ ആറ്റിലേക്കിറങ്ങാൻ കഴിയില്ല.

15 വർഷം മുമ്പ് തയാറാക്കിയ പദ്ധതി

കല്ലടയാറ് വളഞ്ഞൊഴുകുന്ന സുന്ദരമായ കാഴ്ചയാണിവിടെ. ആറിന് 200 മീറ്ററിലധികം വീതിയുള്ള സ്ഥലം. ഇവിടം കുട്ടവഞ്ചി സവാരി കേന്ദ്രമായി വികസിപ്പിക്കുന്നതിന് 15 വർഷം മുമ്പേ പദ്ധതി തയാറാക്കിയതാണ്. പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പുവരുത്തും എന്നതിനാൽ നാട്ടുകാരും വലിയ പ്രതീക്ഷയിലായിരുന്നു.

Advertisement
Advertisement