സംസ്കൃത സർവകലാശാലയിൽ കാണാതായ ഉത്തരക്കടലാസുകൾ കണ്ടെത്തി

Tuesday 27 July 2021 2:28 AM IST

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് കാണാതായ മൂന്നാം സെമസ്റ്റർ എം.എ. സംസ്കൃത സാഹിത്യത്തിലെ 267 ഉത്തരക്കടലാസുകൾ പരീക്ഷ വിഭാഗത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെ പൊലീസ് കണ്ടെത്തി. ഇവ കാണാതായതിനെ തുടർന്ന് സസ്പെൻഷനിലായ അദ്ധ്യാപകൻ ഡോ. കെ.എ. സംഗമേശനെതിരായ നടപടി പിൻവലിക്കുന്നതിനു വേണ്ടി അദ്ധ്യാപകർ അനിശ്ചിത നിരാഹാര സമരം ഇന്നലെ ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം.

ഉത്തരപേപ്പറുകൾ വിരലടയാള പരിശോധനയ്ക്ക് അയയ്‌ക്കാനാണ് പൊലീസ് തീരുമാനം. പൊലീസ് സംഘം മുമ്പ് പരിശോധന നടത്തിയ സ്ഥലത്തു നിന്ന് തന്നെയാണ് ഉത്തരപേപ്പറുകൾ ലഭിച്ചത്. ജൂൺ 23നാണ് ഉത്തര പേപ്പർ കാണാതായത്.

ഉത്തരപേപ്പർ മാറ്റിവച്ച് അദ്ധ്യാപകരെ അപമാനിക്കുകയാണ് അധികാരികൾ ചെയ്തതെന്ന് ശ്രീശങ്കരാചാര്യസംസ്കൃതയൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ബിച്ചു എക്സ് മലയിൽ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റാണ് സസ്പെൻഷനിലായ ഡോ. കെ.എം.സംഗമേശൻ. സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് ബിച്ചു ആവശ്യപ്പെട്ടു.

Advertisement
Advertisement