ബാങ്കുകളിലെ കിട്ടാക്കടത്തിൽ മികച്ച കുറവെന്ന് കേന്ദ്രം

Tuesday 27 July 2021 3:11 AM IST

ന്യൂഡൽഹി: ബാങ്കുകളിലെ കിട്ടാക്കടം 2020 മാർച്ചിലെ 8.96 ലക്ഷം കോടി രൂപയിൽ നിന്ന് ഇക്കുറി മാർച്ചിൽ 8.34 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്ന് കേന്ദ്ര ധനസഹമന്ത്രി ഭാഗ്‌വത് കെ. കരാഡ് പാർലമെന്റിൽ പറഞ്ഞു. 61,180 കോടി രൂപയാണ് കഴിഞ്ഞവർഷം കുറഞ്ഞത്. 2015ൽ 3.23 ലക്ഷം കോടി രൂപയായിരുന്ന കിട്ടാക്കടം 2018ൽ 10.36 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ ബാങ്കിംഗ് രംഗത്ത് നടപ്പാക്കിയ കിട്ടാക്കടം തിരിച്ചറിയൽ, പരിഹാരം കണ്ടെത്തൽ, മൂലധന സഹായം, മറ്റു പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ കിട്ടാക്കടനിരക്ക് കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 2018 മാർച്ചിൽ 8.95 ലക്ഷം കോടി രൂപയായിരുന്നു. സർക്കാർ നടപടികളിലൂടെ ഇത് ഇക്കുറി മാർച്ച് 31ഓടെ 6.16 ലക്ഷം കോടി രൂപയായി കുറച്ചു. ബാങ്കുകളിലെ മൊത്തം വായ്‌പകൾ കഴിഞ്ഞവർഷം മാർച്ചിലെ 109.19 ലക്ഷം കോടി രൂപയിൽ നിന്ന് ഇക്കുറി 113.99 ലക്ഷം കോടി രൂപയായി വർദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ ബാങ്കുകൾ

ലാഭപാതയിൽ

2015ൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനലാഭം 1.37 ലക്ഷം കോടി രൂപയായിരുന്നു. 2019-20ൽ അത് 1.74 ലക്ഷം കോടി രൂപയിലെത്തി. കിട്ടാക്കടവും അതു തരണം ചെയ്യാനുള്ള നീക്കിയിരിപ്പും (പ്രൊവിഷൻ) മൂലം 2015-16 മുതൽ 2018-19 വരെ തുടർച്ചയായി കുറിച്ചത് അറ്റ നഷ്‌ടമാണ്. 2015-16ലെ അറ്റ നഷ്‌ടം 17,993 കോടി രൂപയായിരുന്നത് 2018-19ൽ 25,941 കോടി രൂപയിലെത്തി. എന്നാൽ, 2019-20ൽ പൊതുമേഖലാ ബാങ്കുകൾ സംയുക്തമായി 31,820 കോടി രൂപയുടെ ലാഭം കുറിച്ചു.