വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് കോടതി

Tuesday 27 July 2021 12:00 AM IST

ലണ്ടൻ: ബാങ്കുകളിൽ നിന്ന് വൻതുക വായ്‌പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഹൈക്കോടതി. ലണ്ടൻ ഹൈക്കോടതിയിലെ ചാൻസറി ഡിവിഷനിലെ (നയതന്ത്ര പ്രാധാന്യമുള്ള കേസുകൾ കേൾക്കുന്ന ഡിവിഷൻ) ചീഫ് ഇൻസോവൻസീസ് ആൻഡ് കമ്പനീസ് കോർട്ട് ജഡ്ജ് മൈക്കിൾ ബ്രിഗ്‌സിന്റേതാണ് വിധി. ഇതോടെ, എസ്.ബി.ഐ നേതൃത്വംകൊടുക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി മല്യയുടെ ഇന്ത്യയിലെയും വിദേശത്തെയും ആസ്‌തികൾ മരവിപ്പിക്കാനും അവ കണ്ടുകെട്ടി വായ്‌പാത്തുക തിരിച്ചുപിടിക്കാനും കഴിയും.

65കാരനായ മല്യ, സ്വന്തം ജാമ്യത്തിലും തന്റെ മദ്യക്കമ്പനിയായ യു.ബി. ഹോൾഡിംസ്, പ്രവർത്തനം നിലച്ച കിംഗ്‌ഫിഷർ എയർലൈൻസ് എന്നിവയുടെ പേരിൽ കോർപ്പറേറ്റ് ജാമ്യത്തിലും ബാങ്കിംഗ് കൺസോർഷ്യത്തിൽ നിന്ന് 9,900 കോടി രൂപയാണ് വായ്‌പയെടുത്തത്. കിംഗ്‌ഫിഷറിന് വേണ്ടിയായിരുന്നു വായ്‌പയെങ്കിലും വകമാറ്റി ചെലവഴിച്ചു. സാമ്പത്തികഞെരുക്കം മൂലം കിംഗ്‌ഫിഷർ പിന്നീട് ചിറക് മടക്കി. തുടർന്ന്, മനഃപൂർവം വായ്‌പ തിരിച്ചടയ്ക്കാതെ (വിൽഫുൾ ഡിഫോൾട്ടർ) മല്യ ലണ്ടനിലേക്ക് മുങ്ങി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്, ബ്രിട്ടീഷ് കോടതി ഇപ്പോൾ ഇന്ത്യൻ ബാങ്കുകളുടെ ആവശ്യപ്രകാരം പാപ്പരായി പ്രഖ്യാപിച്ചത്.

ഇന്ത്യൻ കോടതികളിലും കേസുകൾ നടക്കുന്നതിനാൽ പാപ്പരായി പ്രഖ്യാപിച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന് മല്യയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ജഡ്ജ് മൈക്കിൾ ബ്രിഗ്‌സ് അനുവദിച്ചില്ല. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അനുമതിയും ജഡ്‌ജി നിഷേധിച്ചു. നിശ്ചിത സമയത്തിനകം ബാങ്കുകൾക്ക് വായ്‌പാത്തുക തിരികെനൽകാൻ മല്യ തയ്യാറാകുമെന്ന വിശ്വാസമില്ലെന്നും ജഡ്ജി പറഞ്ഞു. 9,900 കോടി രൂപയാണ് വായ്‌പാത്തുകയെങ്കിലും ഇതിനുപുറമേ 2013 ജൂൺ 25 മുതൽക്കുള്ള പലിശയും 11.5 ശതമാനം പിഴപ്പലിശയും വീട്ടണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

ബാങ്കുകൾക്ക് പുറമേ സി.ബി.ഐ., എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തുടങ്ങിയവ നൽകിയ അഭ്യർത്ഥന പ്രകാരം മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നിയമനടപടികൾ ലണ്ടൻ ഹൈക്കോടതിയിൽ പുരോഗമിക്കുകയാണ്. 2020 ഏപ്രിലിൽ ഇന്ത്യയ്ക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും മല്യ പിന്നീട് ജാമ്യം നേടി.

ഫുജിറ്റീവ് മല്യയും

സാമ്പത്തിക വധശിക്ഷയും!

കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബയ് പ്രത്യേക കോടതി 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി" (ഫുജിറ്റീവ്) ആയി വിജയ് മല്യയെ 2019 ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. 2018 ആഗസ്‌റ്രിൽ പ്രാബല്യത്തിൽ വന്ന ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് നിയമപ്രകാരം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) അപേക്ഷ പ്രകാരമാണിത്.

മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രസർക്കാരിനെ അനുവദിക്കുന്നതാണ് നടപടി. പുതിയ നിയമപ്രകാരം 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി" എന്ന പേരുദോഷം കിട്ടിയ ആദ്യ ബിസിനസുകാരനുമായിരുന്നു മല്യ. കോടതി നടപടിയെ 'സാമ്പത്തിക വധശിക്ഷ" എന്നാണ് മല്യ വിശേഷിപ്പിച്ചത്.

₹9,900 കോടിയും 13 ബാങ്കുകളും

എസ്.ബി.ഐ നയിക്കുന്ന 13 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നാണ് മല്യ വായ്‌പ എടുത്തത്. വായ്‌പാത്തുക 9,900 കോടി രൂപ വരും. പലിശയും പിഴപ്പലിശയും വേറെ. ബാങ്ക് ഒഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ജമ്മു ആൻഡ് കശ്‌മീർ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഒഫ് മൈസൂർ, യൂകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, ജെ.എം. ഫിനാൻഷ്യൽ എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റംഗങ്ങൾ.

Advertisement
Advertisement