അമ്പേ, പാളി

Tuesday 27 July 2021 1:11 AM IST

ടോക്യോയിൽ ഇന്ത്യയ്ക്ക് നിരാശയുടെ ദിനം

ടോക്യോ : മെഡലില്ല എന്നതുപോട്ടെ, വിജയം പ്രതീക്ഷിച്ച പലയിനങ്ങളിലും തോറ്റുമടങ്ങേണ്ടിവന്ന ഇന്ത്യയ്ക്ക് ടോക്യോ സമ്മാനിച്ചതേറെയും സങ്കടങ്ങളായിരുന്നു. രാജ്യം ഉറ്റുനോക്കിയിരുന്ന മത്സരങ്ങളിൽ ആർച്ചറി ടീമും മണിക ബത്രയും സാത്വിക് സായ്‌രാജ് -ചിരാഗ് ഷെട്ടി സഖ്യവുമൊക്കെ തോൽവികൾ ഏറ്റുവാങ്ങി.

ചരിത്രത്തിലാദ്യമായി ഫെൻസിംഗിൽ മത്സരിച്ച ഇന്ത്യക്കാരിയായ ഭവാനിദേവി ആദ്യ റൗണ്ടിൽ ജയിച്ചെങ്കിലും രണ്ടാം റൗണ്ടിൽ കാലിടറി വീണു. സ്കീറ്റിനിറങ്ങിയ ഷൂട്ടർമാർക്ക് ഫൈനലിലെത്താനായില്ല. മലയാളി താരം സജൻ പ്രകാശ് നീന്തലിൽ ഹീറ്റ്സിൽ നാലാമത് ഫിനിഷ് ചെയ്തെങ്കിലും എല്ലാ ഹീറ്റ്സും കഴിഞ്ഞ് സമയം പരിശോധിച്ചപ്പോൾ 24-ാം സ്ഥാനത്തായി. ടെന്നിസിൽ രണ്ടാം റൗണ്ടിൽ സുമിത് നാഗൽ ലോക രണ്ടാം റാങ്കുകാരൻ ഡാനിൽ മെദ്‌വദേവിനോട് പൊരുതിനിൽക്കാൻ പോലുമാകാതെ തോറ്റപ്പോൾ ആദ്യ ഒളിമ്പിക്സിനിറങ്ങിയ ബോക്സർ ആശിഷ് ആദ്യ റൗണ്ടിൽതന്നെ ഇടികൊണ്ടുപുറത്തായി. ഇതിനിടയിലെ ഏക സന്തോഷം വെറ്റ്റൻ ടേബിൾ ടെന്നീസ് താരം അചാന്ത ശരത് കമൽ മൂന്നാംറൗണ്ടിലെത്തിയതാണ്.

ക്വാർട്ടറിൽ കൊള്ളാതെ പോയ അമ്പുകൾ

കരുത്തരായ കൊറിയയോട് ക്വാർട്ടറിൽ 6-0ത്തിന് തോറ്റാണ് തരുൺദീപ് റായ്-അതാനു ദാസ്-പ്രവീൺ യാദവ് എന്നിവരടങ്ങിയ ഇന്ത്യൻ പുരുഷ അമ്പെയ്ത്ത് ടീം പുറത്തായത്. കൊറിയയുടെ ജിൻയെക്-വൂജിൻ കിം-യെ ഡിയോക് കിം സഖ്യം ഫൈനലിൽ ജപ്പാനെയും കീഴടക്കി സ്വർണം നേടുകയും ചെയ്തു.

ഇന്ത്യയ്ക്കെതിരെ ആദ്യ സെറ്റ് 59-54 ന് സ്വന്തമാക്കിയ കൊറിയ രണ്ടാം സെറ്റ് 59-57 നും മൂന്നാം സെറ്റ് 56-54 നും കൈയ്യിലാക്കി. ഇന്ത്യൻ താരങ്ങൾക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആധിപത്യം പുലർത്താനായില്ല. പ്രവീണും തരുൺദീപും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അതാനു ദാസ് തീർത്തും നിറം മങ്ങിയതാണ് ഇന്ത്യയുടെ തോൽവിയ്ക്ക് വഴിവെച്ചത്.

ആശ്വാസം, ആവേശം അചാന്ത

39-ാംവയസിൽ തന്റെ നാലാം ഒളിമ്പിക്സിനിറങ്ങിയ അചാന്ത ശരത് കമാൽ രണ്ടാം റൗണ്ടിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ടേബിൾ ടെന്നീസ് താരമായത് രണ്ടിനെതിരെ നാലു ഗെയിമുകൾക്ക് പോർച്ചുഗീസ് താരം ടിയാഗോ അപോലോണിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു. 49 മിനിട്ടു നീണ്ട മത്സരത്തിൽ 2-11, 11-8, 11-5, 9-11, 11-6, 11-9 എന്ന സ്കോറിനായിരുന്നു അചാന്തയുടെ വിജയം. ടേബിളിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ജി.സത്യൻ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

മൂന്നാം റൗണ്ടിൽ ക‌ടുത്ത പോരാട്ടമാണ് തമിഴ്നാട്ടുകാരനായ അചാന്തയെ കാത്തിരിക്കുന്നത്. എതിരാളി നിലവിലെ

ലോക ചാമ്പ്യനും മുൻ ഒളിമ്പിക് ചാമ്പ്യനുമൊക്കെയായ ചൈനീസ് താരം മാ ലോംഗ്.

മണികയൊച്ച നിലച്ചു

വനിതകളുടെ ടേബിൾ ടെന്നീസിൽ മൂന്നാം റൗണ്ടിലെത്തി ചരിത്രമെഴുതിയ മണിക ബത്ര തന്നേക്കാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള ആസ്ട്രിയയുടെ സോഫിയ പോൾകനോവയോട് നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടങ്ങുകയായിരുന്നു സ്‌കോർ: 11-8, 11-2, 11-5, 11-7

ആദ്യ രണ്ട് റൗണ്ടുകളിൽ പുറത്തെടുത്ത മികവ് പോൾകനോവയ്‌ക്കെതിരേ മണികയ്ക്ക് പുറത്തെടുക്കാനായില്ല. ഒരു ഗെയിമിൽ പോലും ആധിപത്യം നേടാനും കഴിഞ്ഞില്ല. നേരത്തേ മിക്‌സഡ് ഡബിൾസ് മത്സരത്തിലും മണിക പുറത്തായിരുന്നു. ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സുതീർത്ഥ മുഖർജിയും പുറത്തായി.പോർച്ചുഗലിന്റെ ഫു യുവാണ് 4-0ത്തിന് സുതീർത്ഥയെ തോൽപ്പിച്ചത്.

തോറ്റെങ്കിലും പ്രതീക്ഷ നഷ്ടമാകാതെ ബാഡ്മിന്റൺ സഖ്യം

ലോക ഒന്നാം നമ്പറുകാരായ ഇന്തോനേഷ്യൻ സഖ്യത്തോടാണ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം തോറ്റത്. കെവിൻ സുകമുൽജോ-മാർക്കസ് ജിഡിയോൺ സഖ്യം 21-13, 21-12നാണ് യുവ ഇന്ത്യൻ ജോഡിയെ കീഴടക്കിയത്. രണ്ട് ഗെയിമുകളുടെയും തുടക്കത്തിൽ ഇന്ത്യക്കാർ പൊരുതിയെങ്കിലുംഎതിരാളികളുടെ പരിചയസമ്പത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

മത്സരം 32 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. ഇന്നലെ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് എ യിലെ അടുത്ത മത്സരത്തിൽ ഇന്ന് ഇന്ത്യ ബ്രിട്ടനെ നേരിടും.

തോറ്റെങ്കിലും തല ഉയർത്തി ഭവാനി

തലശേരിയിൽ പഠനവും പരിശീലനവും നടത്തിയ തമിഴ്നാട്ടുകാരി ഭവാനി ദേവി ഒളിമ്പിക്‌സിൽ നിന്ന് പുറത്തായെങ്കിലും തലയുയർത്തിത്തന്നെയാണ് മടങ്ങുന്നത്. ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഫെൻസിംഗ് താരമായ ഭവാനി ആദ്യ റൗണ്ടിൽ ടുണീഷ്യയുടെ നാദിയ അസീസിയെ കീഴടക്കി ചരിത്രം കുറിച്ചിരുന്നു രണ്ടാം റൗണ്ടിൽ ലോക നാലാംറാങ്കുകാരി ഫ്രാൻസിന്റെ മേനൺ ബ്രൂണറ്റാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്.

15-7 എന്ന സ്‌കോറിനാണ് മേനൺ വിജയിച്ചത്.ലോക റാങ്കിങ്ങിൽ 29-ാം സ്ഥാനത്താണ് ഭവാനി ദേവി.

രക്ഷയില്ലാതെ നാഗൽ

പുരുഷ വിഭാഗം സിംഗിൾസ് ടെന്നീസിൽ ലോക രണ്ടാം റാങ്കുകാരൻ ഡാനിൽ മെദ്‌വദേവിനെ വിരട്ടാൻ പോലുമാകാതെയാണ് ഇന്ത്യയുടെ സുമിത് നാഗൽ പുറത്തായത്. രണ്ടാം റൗണ്ടിൽ 6-2, 6-1നാണ് ഡാനിൽ നാഗലിനെ കീഴടക്കിയത്. ഇതോടെ പുരുഷ ടെന്നീസിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.

Advertisement
Advertisement