അൽറഷീദി,​ പ്രായം തളർത്താത്ത പോരാളി

Tuesday 27 July 2021 1:40 AM IST

ടോക്യോ : പ്രായമല്ല പ്രതിഭയുടെ അളവുകോൽ എന്ന് തെളിയിച്ച് 58-ാം വയസിൽ ഒളിമ്പിക്സ് മെഡലുമായി കുവൈറ്റിന്റെ അബ്ദുള്ള തുർഗി അൽറഷീദി. പുരുഷൻമാരുടെ ഷൂട്ടിംഗിൽ സ്കീറ്രിൽ വെങ്കലം നേടിക്കൊണ്ടാണ് അൽറഷീദി താരമായത്. 1996ലെ അത്‌ലാന്റ ഒളിമ്പിക്സ് മുതൽ അൽറഷീദി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ റിയോ ഒളിമ്പിക്സിലും അൽറഷീദി ഈ ഇനത്തിൽ വെങ്കലം നേടിയിരുന്നു. അന്ന് കുവൈറ്റിനെ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ വിലക്കിയിരുന്നതിനാൽ ഇൻഡിപെന്റന്റ് അത്‌ലറ്റായി ആയിരുന്നു അദ്ദേഹം മത്സരിച്ചത്. അന്ന് ഇംഗ്ലീഷ് ഫുട്ബാൾ ക്ലബായ ആഴ്സനലിന്റെ പരീശിലന ജേഴ്സിയണിഞ്ഞ് മത്സരിക്കാനെത്തിയത് വൈറലായിരുന്നു.

ഒളിമ്പിക്സിലെ പ്രായമേറിയ ഷൂട്ടറാണ് ഞാൻ. റിയോയിൽ മെഡൽ നേടിയപ്പോൾ ഒളിമ്പിക് സമ്മാനദാനച്ചടങ്ങിൽ കുവൈറ്റിന്റെ കൊടിയില്ലായിരുന്നു. ഒളിമ്പിക് കൊടിയായിരുന്നു എനിക്ക് അനുവദിച്ചിരുന്നത്. കുവൈറ്റിന്റെ കൊടിയില്ലായിരുന്നതിനാൽ തന്നെ ഞാൻ സന്തോഷവാനായിരുന്നില്ല. സമ്മാനദാനച്ചടങ്ങിൽ എന്റെ തല താഴ്ന്നിരുന്നു. എന്നാൽ ഇത്തവണ കുവൈറ്രിന്റെ കൊടിക്ക് കീഴിൽ എനിക്ക് മത്സരിക്കാനും മെഡൽ നേടാനുമായി. ഞാൻ വളരെ സന്തോഷവാനാണ്. അടുത്ത തവണ പാരിസിൽ ഈ വെങ്കലം ഞാൻ സ്വർണ്ണമാക്കും.

അൽറഷീദി

Advertisement
Advertisement