കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് മർദിച്ചു; വി ടി ബൽറാം ഉൾപ്പടെ ആറ് നേതാക്കൾക്കെതിരെ കേസ്

Tuesday 27 July 2021 9:16 AM IST

പാലക്കാട്: ഹോട്ടലിൽ യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ വി ടി ബൽറാമിനെതിരെ കേസ്. ബൽറാമിനെക്കൂടാതെ അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെയും കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ പരാതിയിലാണ് നടപടി.


കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് മർദിച്ചുവെന്നാണ് യുവാവിന്റെ പരാതി. യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കയേറ്റം, ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

യുവാവിന്റെ പരാതി വ്യാജമാണെന്നാണ് നേതാക്കളുടെ പ്രതികരണം. തങ്ങൾ മർദിച്ചിട്ടില്ലെന്നും, യുവാവ് വീഡിയോ എടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നേതാക്കളുടെ വാദം.

ആലത്തൂർ എംപി രമ്യ ഹരിദാസും സംഘവും കൊവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവം വിവാദമായിരുന്നു.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെ, നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹോട്ടൽ ഉടമയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Advertisement
Advertisement