ആസ്‌ത‌മയെ പ്രതിരോധിക്കാം

Wednesday 28 July 2021 12:49 AM IST

കൊച്ചി: മഴ കനത്തതോടെ അസുഖങ്ങളും കൂടി. ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങളാണ് മഴക്കാല സമയത്ത് കൂടുതലായി കണ്ടുവരുന്നത്. ശ്വാസകോശങ്ങളിലെ വായുപാതകളെ ബാധിക്കുന്ന ശ്വസന പ്രശ്‌നമാണ് ആസ്‌തമ. മഴക്കാലത്ത് അന്തരീക്ഷത്തിലുള്ള പരാഗകണങ്ങളും ഫംഗസു പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യവുമാണ് രോഗകാരണം.മഴക്കാലത്ത് ആസ്‌തമ രോഗികളുടെ എണ്ണം വർദ്ധിക്കും. പ്രത്യേകിച്ച് കുട്ടികളിൽ.

ചുമ, ശ്വാസതടസം എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്.

ശ്വാസകോശത്തിലെ വായുപാതകളുടെ വീക്കം മൂലം ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് ഇത്. കാലാവസ്ഥയിൽ മാറ്റം വരുമ്പോൾ തന്നെ ആസ്തമ രോഗികൾ ആരോഗ്യ വിദഗ്‌ദ്ധരുടെ ഉപദേശം തേടണമെന്ന് കൊച്ചി രാജഗിരി ആശുപത്രിയിലെ എച്ച്.ഒ.ഡി പൾമണറി മെഡിസിൻ വിഭാഗം ഡോ. രാജേഷ് .വി പറഞ്ഞു.

1. മൺസൂൺ സമയത്ത് വൈറൽ അണുബാധ വർദ്ധിക്കാനുള്ള സാദ്ധ്യതകൂടുതലാണ്. വിവിധ വൈറസുകളും ബാക്ടീരിയകളും അന്തരീക്ഷത്തിൽ സജീവമാകുന്നു. ഇത് ജലദോഷം, പനി എന്നി അസുഖങ്ങൾക്ക് വഴി വയ്ക്കുന്നു. ആസ്‌തമ മൂർച്ഛിക്കാൻ കാരണമാക്കുന്നു.

2. അന്തരീക്ഷത്തിൽ ഫംഗസിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് ഗുരുതരമായ അലർജിയുണ്ടാക്കുന്നു.

3. സൂര്യപ്രകാശം കുറവായതിനാൽ കിടപ്പുമുറിയിലെയും ബെഡ്ഷിറ്റുകളിലും പൊടിപടലങ്ങൾ അലർജിക്ക് വഴിയൊരുക്കുന്നു

പ്രതിരോധിക്കാം
ആസ്തമ രോഗികൾ ഇൻഹേലറുകൾ കൈവശം തന്നെ സൂക്ഷിക്കുക

രോഗം മൂർച്ഛിക്കാനുള്ള സാദ്ധ്യതകൾ ഒഴിവാക്കുക

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക

കൃത്യമായി മരുന്നുകൾ കഴിക്കുക

Advertisement
Advertisement