കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രം; 10 ജില്ലകളിൽ ടിപിആർ പത്ത് ശതമാനത്തിന് മുകളിൽ, മതിയായ മുൻകരുതലെടുക്കാൻ നി‌ർദ്ദേശം

Tuesday 27 July 2021 5:28 PM IST

ന്യൂഡൽഹി: സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയിൽ വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര സ‌ർക്കാ‌ർ. സംസ്ഥാനത്തെ 10 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ കൂടുതലാണെന്ന് കണ്ടെത്തിയ കേന്ദ്ര ആരോഗ്യമന്ത്രാലയം രണ്ടാഴ്‌ചയ്‌ക്കിടെ മലപ്പുറം ജില്ലയിൽ 59 ശതമാനം വർദ്ധിച്ചതായി അറിയിച്ചു.

രാജ്യത്ത് ആകെ 22 ജില്ലകളിൽ വ്യാപനം വർദ്ധിക്കുകയാണ്. ഇതിൽ ഏഴെണ്ണം കേരളത്തിലാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ, മലപ്പുറം.തൃശൂ‌ർ, പത്തനംതിട്ട, വയനാട് എന്നിവയാണ് ഈ ജില്ലകൾ. ഈ ജില്ലകളിൽ യാതൊരു ഇളവും അനുവദിക്കരുതെന്നും നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് മഴക്കാല രോഗങ്ങളും പടരുന്നുണ്ട്. ഇതിനെതിരെ മുൻകരുതലെടുക്കണമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കേരളത്തിനാവശ്യമായ വാക്‌സിൻ സ്‌റ്റോക്ക് ഉടനെത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേരളത്തിൽ നിന്നുള‌ള ഇടത് എംപിമാ‌രെയാണ് അദ്ദേഹം വിവരമറിയിച്ചത്.