ഹൈക്കോടതി പരാമർശത്തിന് പിന്നാലെ മരംമുറി കേസിലെ പ്രതികൾക്കായി തിരച്ചിൽ, വീടുകളിൽ പരിശോധന

Tuesday 27 July 2021 10:13 PM IST

വയനാട്:മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ക്കായി പൊലീസിന്റെ ശക്തമായ തിരച്ചില്‍. പ്രതികളായ വയനാട് വാഴവറ്റ സ്വദേശികളും സഹോദരങ്ങളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. പ്രതികളെ എത്രയുംപെട്ടെന്ന് അറസ്റ്റുചെയ്യാനാണ് പൊലീസിന്റെ നീക്കം. വനംവകുപ്പും പ്രതികൾക്കായി അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

പ്രതികളെ അറസ്റ്റുചെയ്യാത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോടതി നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

പട്ടയ ഭൂമിയിലെ മരം മുറിക്കാൻ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് സർക്കാർ ഭരണപരമായ ഉത്തരവ് നൽകിയത് അലോസരപ്പെടുത്തുന്നു എന്നാണ് മുൻകൂർ ജാമ്യഹർജി തളളിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും രേഖകളിൽ കൃത്രിമം കാട്ടിയുമാണ് മരം മുറിച്ചുകടത്തിയതെന്ന് അഭിപ്രായപ്പെട്ട കോടതി മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറെയും രൂക്ഷമായി വിമർശിച്ചു. പ്രതികളുടെ താളത്തിനൊത്ത് തുള്ളിയ വില്ലേജ് ഓഫീസർ അനുമതി നൽകാൻ കഴിയുന്ന രീതിയിലൊക്കെ ശ്രമിച്ചു. 10,000 ക്യുബിക് അടി ഈട്ടിത്തടി വാഗ്ദാനം ചെയ്ത് റോജി 1.40 കോടി രൂപ മലബാർ ടിംബേഴ്സിൽ നിന്ന് വാങ്ങിയതായി ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. എങ്ങനെയാണ് ഇത്രയും തടി ലഭ്യമാക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.