മത്തായിയുടെ മരണം: നേരറിയിക്കാതെ സി.ബി.ഐ

Tuesday 27 July 2021 10:50 PM IST

പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായി (പൊന്നു 41) വനപാലകരുടെ കസ്റ്റഡിയിൽ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു. മത്തായിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാശം സി.ബി.എെ ഏറ്റെടുത്ത് 11 മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സംഭവത്തിൽ ആരോപണവിധേയർ വനപാലകരാണ്.

മത്തായിയുടെ മരണ കാരണം കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് ഭാര്യ ഷീബയും ബന്ധുക്കളും കർഷക സംഘടനകളും നടത്തിയ സമരം കേസിനെ ശ്രദ്ധേയമാക്കിയിരുന്നു. ഒടുവിൽ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് കേസ് സി.ബി.എെ ഏറ്റെടുത്തത്. അന്വേഷണം പൂർത്തിയായെന്ന് സി.ബി.എെ ഉദ്യോഗസ്ഥർ പറയുന്നു.

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മത്തായിയുടെ മൃതദേഹം സി.ബി.ഐ റീ പോസ്റ്റുമോർട്ടം നടത്തിയശേഷമാണ് സംസ്‌കരിച്ചത്. മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകരും അവരോടൊപ്പമുണ്ടായിരുന്ന മറ്റു ചിലരും കേസിൽ പ്രതി സ്ഥാനത്തെത്തുമെന്ന സൂചനയുണ്ടായിരുന്നു. വനപാലകരിൽ ചിലർ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടി. മനഃപൂർവമല്ലാത്ത നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് വനപാലകർക്കെതിരെ കേസ് നിലവിലുണ്ട്. ഇവർ സസ്‌പെൻഷനിലുമാണ്.
വനത്തിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ചാണ് വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നു. മത്തായിയുമായി സംഘം വനത്തിനുള്ളിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വനപാലകർ അതിർത്തിയിൽ സ്ഥാപിച്ച കാമറ തകർത്തുവെന്ന കുറ്റമാണ് മത്തായിക്കു മേൽ ചുമത്തിയിരുന്നത്. ഇതിന്റെ തെളിവെടുപ്പിന് എത്തിച്ച മത്തായിയെ കുടുംബവീട്ടിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാമറയുടെ മെമ്മറി കാർഡ് പരിശോധനയ്ക്കിടെ മത്തായി കിണറ്റിൽ വീണതാണെന്നും ചാടിയതാണെന്നും പ്രചാരണമുണ്ടായി. കിണറ്റിൽ അകപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ വനപാലകർ രക്ഷപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു.

നടന്നത് ശക്തമായ സമരം

മരണം കൊലപാതകമാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ സമരം തുടങ്ങിയത്. പിന്നീട് വിവിധ കർഷക സംഘടനകൾ സമരം ഏറ്റെടുത്തു. വീട്ടുപടിക്കൽ മത്തായിയുടെ ഭാര്യയും ബന്ധുക്കളും നടത്തിയ സത്യഗ്രഹം അടക്കമുള്ള സമരങ്ങൾക്കു വൻ ജനപിന്തുണ ലഭിച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷണത്തിൽ വനപാലകരെ പ്രതി ചേർക്കാൻ വിമുഖത കാട്ടിയിരുന്നു.
ഭാര്യ ഷീബാമോളും മക്കളായ ഡോണയും സോണയും മത്തായിയുടെ മരണത്തോടെ അനാഥരായി. കുടുംബവീടിന്റെ തണലിലാണ് അവരിന്നും കഴിയുന്നത്‌

Advertisement
Advertisement