ആഡംബരകാർ കേസിൽ നടൻ വിജയിന് ആശ്വാസം, പിഴ സ്റ്റേ ചെയ്‌ത് മദ്രാസ് ഹൈക്കോടതി

Wednesday 28 July 2021 12:00 AM IST

ചെന്നൈ: ഇറക്കുമതി ചെയ്ത 1.2 കോടിയുടെ റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് നികുതിയിളവ് തേടിയ നടൻ വിജയിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം നടത്തിയ നീതി രഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇത് അംഗീകരിച്ച ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആർ.ഹേമലത എന്നിവരടങ്ങിയ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും സ്റ്റേ ചെയ്തു.

വിജയ് അടയ്ക്കാൻ ബാക്കിയുള്ള 80 ശതമാനം നികുതി വേഗത്തിൽ അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിഷയം നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ല, അതിനാൽ ഒരാഴ്ചക്കകം നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വിജയ്‌യുടെ അഭിഭാഷകൻ വിജയ് നാരായണൻ ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അംഗീകരിച്ചു.

പ്രവേശന നികുതിയെ ചോദ്യം ചെയ്തല്ല, സിംഗിൾ ബെഞ്ച് വിധിയിലെ പരാമർശങ്ങളെ ചോദ്യം ചെയ്താണ് ഹർജിയെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

ജൂലായ് 13നാണ് സിംഗിൾ ബെഞ്ച് വിജയ്‌യെ രൂക്ഷമായി വിമർശിച്ച് വിധി പ്രസ്താവിച്ചത്.

'സിനിമയിൽ മാത്രം മതിയോ അഴിമതിക്കെതിരായ പോരാട്ടം, ജീവിതത്തിൽ റീൽ ഹീറോയല്ല , റിയൽ ഹീറോ ആകണമെന്നും' വിധിയിൽ പരാമർശിച്ചിരുന്നു.

2012ൽ ഇറക്കുമതി ചെയ്‌ത ആഡംബരകാറിന് വിജയ് 150ശതമാനം (1.88 കോടി രൂപ) ഇറക്കുമതി തീരുവ അടച്ചിരുന്നു. ഇതിനു പുറമെ 40 ലക്ഷം രൂപ പ്രവേശന നികുതി കൂടി അടയ്ക്കണമെന്ന് നോട്ടീസെത്തി. ഇതിനെതിരെയാണ് നടൻ കോടതിയെ സമീപിച്ചത്.