ഭിക്ഷാടനം നിരോധിക്കാനാവില്ല: സുപ്രീംകോടതി

Wednesday 28 July 2021 12:00 AM IST

ഭിക്ഷാടകർക്ക് വാക്‌സിൻ നൽകണം


ന്യൂഡൽഹി : രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്നും

ഭിക്ഷയാചിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ദാരിദ്ര്യമാണ് അവരെ തെരുവിലിറക്കുന്നതെന്നും സുപ്രീംകോടതി.

കൊവിഡ് കണക്കിലെടുത്ത് രാജ്യവ്യാപകമായി ഭിക്ഷാടനം നിരോധിക്കണമെന്ന കുഷ് കൽറയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എം.ആർ. ഷായും ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. ഭിക്ഷാടകരുടെ പുനരധിവാസത്തിലും അവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിലും വിശദീകരണം തേടി കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും കോടതി നോട്ടീസയച്ചു.

ഭിക്ഷാടനം വലിയ സാമൂഹ്യ, സാമ്പത്തിക പ്രശ്‌നമാണ്. നിരോധനത്തിലൂടെ ഇല്ലാതാക്കാനാവില്ല. ഭിക്ഷാടകരെ കൺമുന്നിൽ കണ്ടുപോകരുത് എന്ന് നിർദ്ദേശിക്കാനാവില്ല. ഇക്കാര്യത്തിൽ വരേണ്യ കാഴ്ചപ്പാട് സുപ്രീംകോടതിക്ക് സാദ്ധ്യമല്ല. ജനങ്ങൾ ഭിക്ഷയാചിക്കുന്നത് ദാരിദ്ര്യം കാരണമാണ്. ആരും ഭിക്ഷയാചിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. മറ്റ് വഴികളില്ലാത്തതിനാലാണിത്. ഇത് സർക്കാരിന്റെ സാമൂഹ്യക്ഷേമ നയങ്ങളുടെ പ്രശ്‌നം കൂടിയാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. പൊതുസ്ഥലത്തെ ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് എം.ആർ.ഷായും വ്യക്തമാക്കി.

ഇതോടെ, ഭിക്ഷാടനം നിരോധിക്കണമെന്നല്ല അവരെ പുനരധിവസിപ്പിക്കണമെന്നാണ് ആവശ്യമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ചിന്മയി ശർമ്മ അറിയിച്ചു.

വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും തൊഴിലില്ലായ്മയും കാരണമാണ് ആളുകൾ അതിജീവനത്തിനായി തെരുവിലേക്ക് ഇറങ്ങുന്നത്. എന്നാൽ, കൊവിഡ് പടരുമ്പോൾ ഭിക്ഷാടകർക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും വാക്‌സിൻ നൽകേണ്ടത് അനിവാര്യമാണ്. അടിയന്തരമായി അവർക്ക് വാക്‌സിൻ നൽകുന്നത് പരിഗണിക്കണം.

ഭിക്ഷാടകർക്ക് പുനരധിവാസവും വൈദ്യസഹായം ഉറപ്പാക്കണം എന്ന തരത്തിൽ ഹർജി ഭേദഗതി ചെയ്യാമെന്നും കോടതി പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

യാചകർ നാല് ലക്ഷം

2011ലെ സെൻസസ് പ്രകാരം രാജ്യത്ത് നാല് ലക്ഷത്തിലേറെ യാചകരുണ്ട്. ഇതിൽ രണ്ടരലക്ഷത്തോളം പുരുഷന്മാരും 190,​000 പേർ സ്ത്രീകളുമാണ്.
പശ്ചിമബംഗാളിലാണ് (81,​000)​ ഏറ്റവും അധികം പേർ. ഉത്ത‌ർപ്രദേശും (65,​835)​ ആന്ധ്രയുമാണ് (30,​218)​ തൊട്ടുപിന്നിൽ. ലക്ഷദ്വീപിൽ രണ്ട് പേർ മാത്രം.

കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഡൽഹിയിലാണ് ഏറ്റവും അധികം യാചകർ.

Advertisement
Advertisement