അനന്യയുടെ മരണം: പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറിൽനിന്ന് വിവരം ശേഖരിച്ചു

Wednesday 28 July 2021 12:13 AM IST

കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സ് ആത്മഹത്യ ചെയ്ത കേസിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽനിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഫോറൻസിക് സയൻസ് വിഭാഗം തലവൻ ഡോ. ടോമി മാപ്പിളക്കയിലിന്റെ മൊഴിയാണ് വിശദമായി രേഖപ്പെടുത്തിയത്. മരണം ആത്മഹത്യയാണെന്ന് ഡോക്ടർ മൊഴിനൽകിയതായി അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി ഇൻസ്‌പെക്ടർ പി.ആർ സന്തോഷ് പറഞ്ഞു. അന്വേഷണം അവസാനഘട്ടത്തിലാണ്. ആരോപണവിധേയനായ ഡോക്ടറിൽനിന്ന് പിന്നീട് മൊഴിയെടുത്താൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അനന്യയെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ 20നാണ് കണ്ടെത്തിയത്. ഒരുവർഷംമുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു.