ഇടിയോടാണ്,ലവ്

Wednesday 28 July 2021 12:39 AM IST

ക്വാർട്ടർ ഫൈനലിൽ ജയിച്ചാൽ ലവ്‌ലീന ബോർഗോഹൈന് മെഡലുറപ്പിക്കാം

ടോക്യോ : ആദ്യ മത്സരത്തിൽ അടിപൊളി വിജയം നേടിയ ഇന്ത്യൻ വനിതാ ബോക്സർ ലവ്‌ലീന ബോർഗോഹൈനിനെ ഒരിടി കൂടി ജയിച്ചാൽ കാത്തിരിക്കുന്നത് ഒളിമ്പിക് മെഡലാണ്. 69 കിലോഗ്രാം വിഭാഗത്തിൽ തന്റെ ആദ്യ ഒളിമ്പിക്സ് മത്സരത്തിനിറങ്ങിയ 23കാരിയായ ലവ്‌ലീന 3-2ന് ഇടിച്ചിട്ടത് തന്നേക്കാൾ 12വയസിന്റെ മൂപ്പുള്ള ജർമ്മൻകാരി നാദിൻ അപെറ്റ്സിനെയാണ്. നാദിന്റെയും ആദ്യ ഒളിമ്പിക്സായിരുന്നു ഇത്.

ആദ്യ റൗണ്ടിൽ ആക്രമിച്ചുകളിച്ച ലവ്‌ലീന രണ്ടാം റൗണ്ടുമുതൽ പ്രതിരോധത്തിലൂന്നിനിന്ന നീക്കങ്ങളിലേക്ക് ചുവടുമാറിയതാണ് വിജയത്തിന് അടിത്തറയിട്ടത്. ആദ്യ റൗണ്ടിലെ റഫറിമാരുടെ പോയിന്റിൽ നേരിയ മാർജിനിലെ ലീഡ് മാത്രമാണ് ലവ്‌ലിനയ്ക്ക് നേടാനായത്.രണ്ടാം റൗണ്ടുമുതൽ ഇന്ത്യൻ താരം എതിരാളിയുടെ ശ്രദ്ധപിഴയ്ക്കുന്നതിനായി കാത്തിരുന്നു. നന്നായി ഗാർഡ് ചെയ്തും കിട്ടിയ അവസരങ്ങളിൽ പോയിന്റിനുള്ള പഞ്ചുകൾ നടത്തിയും ആത്മവിശ്വാസം ആർജ്ജിച്ചു. ലെഫ്ട് ഹുക്കുകളിലൂടെയാണ് ലവ്‌ലിന സ്കോർ ചെയ്തത്.

ഒൻപതംഗ ഇന്ത്യൻ ബോക്സിംഗ് സംഘത്തിൽ നിന്ന് ക്വാർട്ടറിലെത്തുന്ന ആദ്യത്തെയാളാണ് ആസാംകാരിയായ ലവ്‌ലീന. 69 കിലോ വിഭാഗത്തിൽ മത്സരാർത്ഥികൾ കുറവായതിനാലാണ് നേരിട്ട് പ്രീക്വാർട്ടറിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. ഗോഹട്ടിക്കാരിയായ ലവ്‌ലിന കിക്ക് ബോക്സിംഗിലൂടെയാണ് കായിക രംഗത്തേക്ക് വന്നത്. ബോക്സിംഗ് കോച്ച് പദം ബോറോയാണ് അമച്വർ ബോക്സിംഗിലേക്ക് വഴിതിരിച്ചുവിട്ടത്.

  • 2018ലും 2019ലും ലവ്‌ലിന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു.
  • 2017ലും 2021ലും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും വെങ്കലം നേടി
  • ആസാമിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ വനിതയാണ്.

ക്വാർട്ടറിൽ എതിരാളി ചിൻചെൻ

വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ലവ്‌ലിനയുടെ എതിരാളി ചെൈനീസ് തായ്പേ‌യ്‌യുടെ നിയേൻ ചിൻചെന്നാണ്. നാലാം സീഡും മുൻ ലോക ചാമ്പ്യനുമാണ് ചിൻ ചെൻ. 2018ലെ ലോകചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ലവ്‌ലിനയെ 4-1ന് ചിൻചെൻ തോൽപ്പിച്ചിരുന്നു. 2019 ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളിയും ചിൻചെൻ നേടിയിരുന്നു.

പി.എച്ച്.ഡിക്കാരി നദിൻ

ഇന്നലെ ലവ്‌ലീനോട് തോറ്റ നാദിൻ അപെറ്റ്സ് ജർമ്മനിയിൽ നിന്ന് ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വനിതാ ബോക്സറാണ്. ബോക്സിംഗിൽ മാത്രമല്ല ഈ 35കാരിയുടെ മിടുക്ക്. ന്യൂറോ സയൻസിൽ പി.എച്ച്.ഡി ചെയ്യുകയാണ് ഇവർ. പഠനത്തിൽ നിന്ന് ഒരു വർഷത്തെ അവധിയെടുത്താണ് ഇടികൂടാനിറങ്ങിയത്.

ഇന്ന് പൂജ,നാളെ മേരി

വനിതകളുടെ ബോക്സിംഗ് റിംഗിൽ ഇന്ന് 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പൂജാറാണി ആദ്യ മത്സരത്തിനിറങ്ങും. അൾജീരിയയുടെ യുവതാരം ഇച്റാക്ക് ചെയ്ബാണ് പ്രീ ക്വാർട്ടറിൽ എതിരാളി. ഉച്ചയ്ക്ക് 2.33നാണ് ഇടി തുടങ്ങുന്നത്.മെഡൽ പ്രതീക്ഷയായ മേരികോം നാളെ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയ്ക്ക് എതിരെ പ്രീ ക്വാർട്ടറിനിറങ്ങും.

Advertisement
Advertisement