ഭാര്യ അടിയേറ്റു മരിച്ചു, ഭർത്താവ് തൂങ്ങിമരിച്ചു

Wednesday 28 July 2021 1:17 AM IST

അടിമാലി: മാങ്കുളത്ത് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ ഭർത്താവിനെയും വീട്ടിൽ കണ്ടെത്തി. ആനക്കുളം നെടുമ്പാലപ്പുഴയിൽ ജോസഫ് (ജോസ്- 55) ഭാര്യ സെലിൻ (50) എന്നിവരാണ് മരിച്ചത്. വീടുകളിലും കുടികളിലുമെത്തി മലഞ്ചരക്ക് സാധനങ്ങൾ വാങ്ങി വിൽപന നടത്തുന്ന ജോസിനെ കാണാത്തതിനെ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആനക്കുളം കോഴിയിള ആദിവാസികുടിയിലുള്ളവർ തിരക്കി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ജോസ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. സമീപത്തെ മുറിയിലെ കട്ടിലിൽ ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു സെലിൻ. ഇവർ മാത്രമാണ് വീട്ടിലുള്ളത്. പാലായിലുള്ള ഏകമകളുടെ ഭർത്താവ് വിളിച്ചിരുന്നെങ്കിലും ഫോണിൽ ലഭിച്ചിരുന്നില്ല. ഒരു വർഷമായി മാനസിക സമ്മർദത്തിന് ജോസഫ് ചികിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു. സെലിനെ കൊലപ്പെടുത്തിയ ശേഷം ജോസ് തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ജോസഫിന്റെ മൃതദേഹത്തിന് സമീപത്തു നിന്ന് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ചു എന്നു കരുതുന്ന ചുറ്റിക കണ്ടെത്തി. മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കം ഉണ്ടെന്നാണ് നിഗമനം. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ്, എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ്, എസ്‌.ഐ എം.പി. സാഗർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മകൾ: ലിഡ. മരുമകൻ: സനൂപ്.