പൊതുമേഖലാ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ്:പി.രാജീവ്

Wednesday 28 July 2021 1:25 AM IST

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. മാനേജിംഗ് ഡയറക്ടർമാരെ നിയമിക്കാൻ സെലക്ഷൻ കമ്മിറ്റിയെ വയ്ക്കും. റിട്ട.ജസ്റ്റിസ് അദ്ധ്യക്ഷനായ കമ്മിറ്റിയിൽ മുതിർന്ന ഉദ്യോഗസ്ഥരുണ്ടാകും. കേന്ദ്രീകൃത പരിശോധനാ സംവിധാനം ആഗസ്റ്റ് ഒന്നുമുതൽ നടപ്പിലാക്കും. സോഫ്ട് വെയർ വഴി നടത്തുന്ന പരിശോധനാ സംവിധാനത്തിന്റെ ഉദ്ഘാടനം ഈ 30ന് മുഖ്യമന്ത്രി നിർവഹിക്കും.

എല്ലാ നിയമങ്ങളും പാലിക്കുന്ന വ്യവസായശാലകൾക്ക് നക്ഷത്ര പദവി നൽകും. തോട്ടം മേഖലയിലെ നയം പുനഃപരിശോധിച്ച് പ്ളാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കും.
എം.എൽ.എമാർ സഹകരിച്ചാൽ എല്ലാ മണ്ഡലത്തിലും വ്യവസായ പാർക്ക് ആരംഭിക്കാനാകും. കൊച്ചി- ബംഗളൂരു ഇടനാഴി ഡിസംബറിൽ പൂർത്തിയാക്കും. 104 കാർഷികോത്പന്നങ്ങളുടെ വ്യവസായ കേന്ദ്രം തുറക്കും. ഏത് ഉല്പന്നവും ഓൺലൈനിൽ വിൽക്കാൻ കഴിയുന്ന സംവിധാനമുണ്ടാക്കും. കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 7780 ടൺ കയറാണ് ഉല്പാദിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ 26500 ടണ്ണായി. 30,000 ടണ്ണാണ് ലക്ഷ്യം.

ജി.ഡി.പിയുടെ രണ്ട് ശതമാനം വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ച എട്ട് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പൊതുമേഖല രംഗത്ത് ഇന്ത്യയിൽ ഏറ്റവും കുറവ് തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്ന സംസ്ഥാനമായി കേരളം മാറി.

Advertisement
Advertisement