സുപ്രീം കോടതി വിധി അംഗീകരിക്കുന്നു, വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കും; രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

Wednesday 28 July 2021 11:19 AM IST

തിരുവനന്തപുരം: സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജനപക്ഷത്ത് നിൽക്കുമ്പോൾ സമരം നടത്തേണ്ടി വരുമെന്നും, കേസുകൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് സഭയിൽ നടന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് യുഡി എഫ് ആവശ്യപ്പെട്ടു.

നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. നിയസമഭയിലെ അക്രമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും, കേസിൽ പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇപി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെടി ജലീൽ, മുൻ എംഎൽഎമാരായ സികെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.