എസ്‌ഐയുടെ സമയോചിതമായ ഇടപെടൽ; വീട്ടുകാരോട് പിണങ്ങി നാടുവിട്ട ഇരുപതുകാരൻ വീട്ടിൽ തിരിച്ചെത്തി

Wednesday 28 July 2021 12:45 PM IST

അമ്പലപ്പുഴ:ബന്ധുക്കളോട് പിണങ്ങി നാടുവിട്ട ഇരുപതുകാരൻ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തി. സബ് ഇൻസ്‌പെക്ടർ മാർട്ടിന്റെ ഇടപെടൽ മൂലമാണ് തോപ്പുംപടി അഴീക്കകത്ത് സേവ്യറിന്റെ മകൻ പീറ്റർ വീട്ടിലേക്ക് തിരിച്ചുപോകാൻ കാരണം.

വീട്ടുകാരോട് പിണങ്ങിയാണ് പീറ്റർ പുറക്കാടെത്തിയത്.പുറക്കാട് മാർസ്ലീവ പള്ളിയങ്കണത്തിൽ യുവാവ് ക്ഷീണിതനായി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പള്ളിയധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞയുടൻ എസ്‌ഐ മാർട്ടിൻ, പൊലീസുകാരായ ദിലീഷ്, റോബിൻ എന്നിവർ സ്ഥലത്തെത്തി.

പൊലീസുകാർ പീറ്ററിനോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസിലായത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ യുവാവിന് ഭക്ഷണവും വാങ്ങിക്കൊടുത്തു. തോപ്പുംപടിയിലെ കൗൺസിലറെ ഫോണിൽ ബന്ധപ്പെട്ട ശേഷം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ പീറ്ററിനെ നാട്ടിലേക്ക് യാത്രയാക്കി. നാട്ടിലെത്താനുള്ള പണവും സബ് ഇൻസ്‌പെക്ടർ നൽകിയിരുന്നു.

Advertisement
Advertisement