ഇ​ന്ത്യ​ ​ര​ണ്ട​ക്കം​ ​ക​ട​ക്കി​ല്ലെ​ന്ന് ​ വളർച്ചാപ്രവചനം ഐ.​എം.​എ​ഫ് കുറച്ചു

Thursday 29 July 2021 12:52 AM IST

മുംബയ്: അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) 2021-22 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 12.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി കുറച്ചു. രാജ്യത്ത് കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗ പ്രതിസന്ധികളെ തുടർന്നാണ് മൂന്ന് ശതമാനം പോയിന്റ് വളർച്ചാ പ്രവചനം താഴ്ത്തിയത്. ഐ.എം.എഫിന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് (ഡബ്ല്യു.ഇ.ഒ) അനുസരിച്ച് ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് ആറ് ശതമാനമായി തുടരും. ഐ.എം.എഫ് നടത്തിയ വളർച്ചാ പ്രവചനങ്ങളിൽ ഏറ്റവും വലിയ ഇടിവ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലാണ് പ്രവചിക്കുന്നത്.

കൊവിഡ് പകർച്ചവ്യാധിയുടെ രണ്ട് വർഷങ്ങളിൽ ജി.ഡി.പിയുടെ 10 ശതമാനത്തിലധികം ഇന്ത്യയ്ക്ക് നഷ്ടമാക്കി എന്നാണ് ഈ പ്രവചനങ്ങൾ അർത്ഥമാക്കുന്നത്. പകർച്ചവ്യാധി ഇല്ലായിരുന്നുവെങ്കിൽ സാധാരണ വളർച്ച പ്രതിവർഷം ആറ് ശതമാനമാകുമായിരുന്നു. ഐ.എം.എഫ് കണക്കാക്കുന്നതനുസരിച്ച് ഈ രണ്ട് വർഷത്തേക്ക് ഇന്ത്യയുടെ ജി.ഡി.പി ഏകദേശം 10.9 ശതമാനം പിന്നിലാകും.