മന്ത്രി ശിവൻകുട്ടിയടക്കം വിചാരണ നേരിടണം, സഭാ കൈയാങ്കളി മാപ്പില്ലാക്കുറ്റം

Thursday 29 July 2021 12:00 AM IST

 സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

 പൊതുമുതൽ നശിപ്പിക്കൽ അഭിപ്രായ സ്വാതന്ത്ര്യമല്ല

 സർക്കാർ നീക്കം വഞ്ചനയും ഭരണഘടനാ വിരുദ്ധവും

ന്യൂഡൽഹി : നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാനുള്ള കേരളത്തിന്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി,​​ മന്ത്രി വി.ശിവൻകുട്ടിയടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് വിധിച്ചത് സർക്കാരിന് കനത്ത ആഘാതമായി.

പൊതുമുതൽ നശിപ്പിച്ചുള്ള ക്രിമിനൽ നടപടിക്ക് നിയമസഭാംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയില്ലെന്നും കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കം ജനത്തോടുള്ള വഞ്ചനയും ഭരണഘടനാ വിരുദ്ധവുമാണെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.

മന്ത്രി ശിവൻകുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, മുൻ എം.എൽ.എമാരായ കെ.അജിത്ത്, സി.കെ.സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികൾ.

പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്നും 77 പേജുള്ള വിധിയിലുണ്ട്. 184ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് സർക്കാർ ഹർജി സമർപ്പിച്ചത്. സർക്കാർ പ്രോസിക്യൂട്ടറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വിധി പുനഃപരിശോധിക്കാൻ സർക്കാരിന് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാം

ജനപ്രതിനിധികൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള പ്രത്യേക അവകാശങ്ങൾ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഭയമില്ലാതെ നിറവേറ്റാനുള്ളതാണെന്ന് കോടതി പറഞ്ഞു. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ല. പി.വി.നരസിംഹറാവു കേസ് വിധി പ്രകാരം സ്പീക്കർക്കാണ് സഭയിലെ കാര്യങ്ങളിൽ പരമാധികാരം എന്ന വാദം അംഗീകരിക്കാനാവില്ല. ബഡ്ജറ്റ് അവതരണ വേളയിൽ നടത്തിയ അതിക്രമങ്ങൾ സഭാ നടപടികളുടെ ഭാഗമല്ല. അവകാശങ്ങൾ നിയമങ്ങൾ പാലിക്കുന്നവർക്കുള്ളതാണ്. അവകാശങ്ങളുടെ അതിര് ജനപ്രതിനിധികൾ ലംഘിച്ചു. പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. പൊതുനിയമം ജനപ്രതിനിധികൾക്കും ബാധകമാണ്. ഇത്തരം നടപടിക്കെതിരെ ശക്തമായ സന്ദേശം നൽകിയേ തീരൂ. എം.എൽ.എമാരുടെ പ്രവൃത്തി ഭരണഘടനയെ ചവിട്ടിമെതിച്ചു. കേസ് പിൻവലിക്കുന്നത് പൊതുനീതിയുടെ ലംഘനമാണെന്നും പരമോന്നത കോടതി പറഞ്ഞു.


പ്രതിഷേധമെന്ന പേരിൽ ജനപ്രതിനിധികൾ സഭയിലും പുറത്തും പൊതുമുതലും സ്വകാര്യ മുതലും നശിപ്പിക്കുന്ന പ്രവണത ഏറുകയാണ്. അത് അനുവദിക്കാനാകില്ല.

- സുപ്രീംകോടതി

ഇനി വിചാരണ

തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് വിചാരണ. ഐ.പി.സി 427 (നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തി - രണ്ടുവർഷം വരെ തടവും പിഴയും),​ 447 (അതിക്രമിച്ചു കടക്കൽ - മൂന്നുമാസം വരെ തടവും പിഴയും),​ പൊതുമുതൽ നശിപ്പിക്കുന്നതു തടയൽ നിയമത്തിൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന 3 (1) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കേരളം നാണംകെട്ട ദിനം

 2015ൽ മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് ഇടത് എം.എൽ.എമാർ സ്പീക്കറുടെ ഡയസിലുൾപ്പെടെ അഴിഞ്ഞാടിയത്.

ഡയസ് നേരത്തേ കൈയടക്കി സ്പീക്കർ പ്രവേശിക്കുന്നത് തടഞ്ഞു. കമ്പ്യൂട്ടറുകൾ ഉൾപ്പെടെ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. സ്പീക്കറുടെ കസേര വലിച്ചു താഴെയിട്ട് തകർത്തു.

കേസിന്റെ വഴി

കൈയാങ്കളിയിൽ മന്ത്രിമാരടങ്ങുന്ന സാമാജികർക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഇതിനെതിരായ ഹർജി കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് സർക്കാരും ശിവൻകുട്ടി അടക്കമുള്ള പ്രതികളും സുപ്രീംകോടതിയിലെത്തിയത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷകൻ അണിയൂർ ടി. അജിത്കുമാറുമാണ് എതിർ കക്ഷികൾ. ചെന്നിത്തലയ്ക്കായി രമേഷ് ബാബുവും അജിത്കുമാറിനായി ചിദംബരേഷും മഹേഷ് ജത്‌മലാനിയുമാണ് സുപ്രീകോടതിയിൽ വാദിച്ചത്.

സു​പ്രീം​കോ​ട​തി​ ​വി​ധി​യു​ടെ​ ​പേ​രി​ൽ​ ​രാ​ജി​വ​യ്ക്കി​ല്ല.​ ​വി​ചാ​ര​ണ​ ​നേ​രി​ട്ട് ​നി​ര​പ​രാ​ധി​ത്വം​ ​തെ​ളി​യി​ക്കും
-​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി

Advertisement
Advertisement