ഇന്ന് ലോക കടുവാദിനം: മംഗള വേട്ടയാടാൻ പഠിക്കും,​ അതിവിശാലമായ കൂട്ടിൽ

Thursday 29 July 2021 12:00 AM IST
മംഗളയെ വനംവകുപ്പിന് ലഭിക്കുമ്പോഴുള്ള ചിത്രം (ഫയൽ)

 അമ്മ ഉപേക്ഷിച്ച കടുവക്കുഞ്ഞിന് ഇരതേടാൻ പരിശീലനം

കുമളി: മംഗളയെന്ന കുഞ്ഞു പെൺകടുവ ഇപ്പോൾ പത്ത് മാസം പ്രായമുള്ള വലിയ കുട്ടിയായി. ഇനിയും നാട്ടിൽ നിൽക്കാൻ പറ്റില്ല, കാട്ടിലേക്ക് പോകണം. അവിടെ വേട്ടയാടാൻ അറിയണം. വേട്ടയാടിതന്നെ പഠിക്കണം. മംഗളയ്ക്ക് ഇരതേടാൻ പഠിക്കാൻ കാട്ടിൽ ഒരു കൂടൊരുക്കി വനംവകുപ്പ്. പെരിയാർ കടുവാ സങ്കേതത്തിൽ തള്ളക്കടുവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കടുവാക്കുട്ടിയെയാണ് ലോക കടുവാദിനമായ ഇന്ന് ഈ കൂട്ടിലേക്ക് ഇരതേടൽ പരിശീലനത്തിനായി മാറ്റുന്നത്.

ഏകദേശം 10,​000 ചതുരശ്ര അടി വിസ്തീർണവും 22 അടി ഉയരവുമുണ്ട് കൂടിന്. രാജ്യത്ത് ആദ്യമാണ് ഒരു കടുവക്കുട്ടിയെ ഇരതേടാൻ പരിശീലിപ്പിക്കുന്നത്. കൂട്ടിൽ 24 മണിക്കൂറും കാമറ നിരീക്ഷണവും ഉണ്ട്.

എട്ട് മാസം മുമ്പ് മംഗളാ ദേവി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വനപാലകർക്ക് രണ്ട് മാസം പ്രായമുള്ള കടുവ കുട്ടിയെ കിട്ടുന്നത്. അവശയായ കുഞ്ഞിനെ തേടി അമ്മക്കടുവ എത്തുമെന്ന് കരുതി വനപാലകർ രണ്ട് ദിവസം കാട്ടിൽ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിൻകാലുകൾക്ക് ബലക്ഷയമുള്ള കുഞ്ഞിനെ വനംവകുപ്പ് ഏറ്റെടുത്തു. മംഗളാ ദേവീ ക്ഷേത്രത്തിന് സമീപത്ത് നിന്നായതിനാൽ മംഗളയെന്ന പേരുമിട്ടു. മനുഷ്യരുമായി അധികം ഇടപഴകാതിരിക്കാൻ കരടിക്കവല ഭാഗത്ത് വേലി കെട്ടിത്തിരിച്ച് മംഗളയെ അവിടേക്ക് മാറ്റി. രണ്ട് വനപാലകരെയും ഒരു ഡോക്ടറേയും പരിചരണത്തിനായി നിയോഗിച്ചു. നല്ല ഭക്ഷണവും ചികിത്സയും അവളെ മിടുക്കിയാക്കി. പിൻകാലിലെ ബലക്കുറവ് ഡോ. അനുരാജ് ഫിസയോതെറാപ്പിയിലൂടെ ഭേദമാക്കി. കൃത്രിമ കുളത്തിലെ നീന്തലും കാലിന് ബലം നൽകി. ഒരു കണ്ണിന്റെ ചെറിയ മൂടലിനും ചികിത്സ നൽകി. 30 കിലോയിലേറെ തൂക്കമുണ്ട് ഇപ്പോൾ. കാട്ടിലേക്ക് തുറന്നുവിടും മുമ്പ് വേട്ടയാടാൻ പരിശീലനം നൽകണം. മുയൽ പോലുള്ള ചെറു ജീവികളെ കയറ്റിവിട്ടാവും പരിശീലനം. അമ്പത് എണ്ണത്തിനെയെങ്കിലും വേട്ടയാടി കൊന്നതിന് ശേഷമാകും മംഗളയെ കാട്ടിലേക്ക് വിടുക. കാട്ടിലേക്കയച്ചാലും മംഗളയുടെ നീക്കങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു. മനുഷ്യരോടൊത്ത് കഴിഞ്ഞതിനാൽ കാട്ടിലെ മൃഗങ്ങൾക്ക് രോഗം വരാതിരിക്കാൻ രക്തം പരിശോധിച്ച് മരുന്നുകൾ നൽകിയ ശേഷമാവും വനത്തിലേക്ക് വിടുക.

Advertisement
Advertisement