'പാതി മുറിഞ്ഞ് ' ഇടവപ്പാതി​ വിളകൾക്ക് വെല്ലുവിളി

Thursday 29 July 2021 12:02 AM IST

ജില്ലയിൽ കാലവർഷം 25 % കുറഞ്ഞു

കോഴിക്കോട്: ഇടമുറിയാതെ പെയ്യേണ്ട കാലവർഷം മടിച്ചുനിൽക്കുന്നത് കൃഷിക്ക് തിരിച്ചടിയാകും. കർക്കടകം പാതിയായിട്ടും മഴയുടെ ഒളിച്ചുകളി കർഷകരെ ആശങ്കയിലാക്കുകയാണ്. ഇടവപ്പാതി വേണ്ടവിധം ലഭിക്കാത്തതിനാൽ നെൽകൃഷിയുടെ വളർച്ചയെ കാര്യമായി‌ ബാധിച്ചു.മേയ് മാസത്തിൽ പെയ്ത ഇടമഴ വിള ഇറക്കലിന് സഹായമായെങ്കിലും മഴയുടെ ഇടവേള വിളകളുടെ വളർച്ചയ്ക്ക് ഗുണം ചെയ്തില്ല. മഴ കുറഞ്ഞതോടെ കൃഷികൾക്ക് വളമിട്ടവരും തൈകൾ പാകിയവരും പകച്ചു നിൽക്കുകയാണ്. കുരുമുളക് കൃഷിക്കും മഴക്കുറവ് ഇരുട്ടടിയായി. കുരുമുളകിന് തിരിയിടുന്ന സമയത്ത് മഴ മാറി മറയുന്നത് തിരിയുടെ കൊഴിയലിന് ഇടയാക്കുകയാണ്. ഇത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വളർച്ചയെയും മഴ കനിഞ്ഞില്ല. ഓണക്കാല പച്ചക്കറി കൃഷിക്കും ദോഷം ചെയ്യുകയാണ്. വരും ദിവസങ്ങളിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും കൃഷിയെ മാത്രമല്ല വൈദ്യുതി ഉത്പ്പാദനത്തെയും സാരമായി ബാധിക്കും.

പെയ്തത് കുറഞ്ഞ മഴ

ഇടവപ്പാതിയിൽ സാധാരണ പെയ്യേണ്ട മഴ ഇനിയും ലഭിച്ചിട്ടില്ല. ചില ദിവസങ്ങളിൽ മഴ ശക്തിയോടെ പെയ്തെങ്കിലും കൂടുതൽ ദിവസങ്ങളിലും മഴയുടെ അളവ് വളരെ കുറവായിരുന്നു. കാലവർഷം ആരംഭിച്ച ജൂൺ ഒന്നു മുതൽ ഇന്നലെ വരെ കേരളത്തിൽ 26 ശതമാനം മഴ കുറഞ്ഞു. 1299.5 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ പെയ്യേണ്ടിയിരുന്നതെങ്കിൽ 967.7 എം.എം മഴയാണ് ലഭിച്ചത്. ജില്ലയിൽ 25 ശതമാനം മഴ കുറവുണ്ടായി. 1706 എം.എം പെയ്യേണ്ട സ്ഥാനത്ത് 1281.4 എം.എം മഴ ലഭിച്ചത്.കഴിഞ്ഞ കാലവർഷത്തിൽ കേരളത്തിൽ ലഭിച്ചത്. 2227.9 എം.എം മഴയാണ്. ഇതിന് ഒപ്പമെത്തണമെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കനത്തു പെയ്യണം.

മഴ കുറയും

കഴിഞ്ഞ രണ്ട് വർഷങ്ങളിലും മഴ ശക്തമായത് ജൂലായ് പകുതിക്ക് ശേഷമാണെങ്കിൽ ഇത്തവണ അതുണ്ടായില്ല. ജൂണിൽ മഴ കുറഞ്ഞത് മൺസൂൺ ബ്രേക്ക് മൂലമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. മൺസൂൺ ആരംഭിച്ച ശേഷം പെട്ടെന്നു മഴ കിട്ടാതാകുന്നതാണ് മൺസൂൺ ബ്രേക്ക്. കാലവർഷത്തിന് മുമ്പെ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ രണ്ട് ചുഴലിക്കാറ്റുകളും മഴ ദുർബലമാകാൻ കാരണമായി.

'' പ്രതീക്ഷിച്ചതു പോലെ കാലവർഷം ശക്തമായില്ല. 30 മുതൽ 7 വരെ സാധാരണ മഴ ലഭിക്കുമെങ്കിലും ശക്തി കുറവായിരിക്കും ''

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം.

'' നെല്ല് വിള ഇറക്കിയപ്പോൾ മഴ ഉണ്ടായിരുന്നതിനാൽ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. മഴ കുറഞ്ഞതോടെ നെല്ലിന്റെ കണ പൊട്ടുന്നില്ല.

ബിജു, നെൽ കർഷകൻ

Advertisement
Advertisement