വറുതി കഴിഞ്ഞു ,​ കോളു തേടി കടലിലേക്ക്

Thursday 29 July 2021 12:34 AM IST

കരുനാഗപ്പള്ളി: ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെയുണ്ടായിരുന്ന വറുതിയുടെ പിടിയിൽ നിന്ന് നാട് വിടപറയുകയാണ്. മത്സ്യത്തൊഴിലാളികൾ രാവിലെ മുതൽ തന്നെ വലകൾ നന്നാക്കുന്ന തിരക്കിലാണ്. ജോലി സ്ഥലങ്ങളിൽ വച്ച് തന്നെയാണ് ആഹാരം പാകം ചെയ്ത് കഴിക്കുന്നത്. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താനില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. എല്ലാ മത്സ്യത്തൊഴിലാളികളും ഓരോ തരം ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നത് .ചിലർ വലയൊരുക്കുന്നു,​ മറ്റ് ചിലർ ബോട്ടിന് പെയിന്റടിക്കുന്നു. ട്രോളിംഗ് കഴിഞ്ഞാൽ കൈ നിറയെ കോളുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഓരോ മത്സ്യത്തൊഴിലാളിയും.

തീരമൊരുങ്ങി

ടി. എസ് കനാലിന്റെ തീരം കേന്ദ്രീകരിച്ചാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നത്.മുതിർന്നവർ കൂട്ടമായാണ് പണി സ്ഥലത്തേക്ക് പോകുന്നത്. പെയിന്റിംഗും മറ്റ് പണികളും പുതിയ വലകളുടെ നിർമ്മാണവും ഏതാണ്ട് പൂർത്തീകരണത്തിന്റെ വക്കിലാണ്. രണ്ട് ആഴ്ചകൾക്ക് മുന്നേ തന്നെ കടലിൽ പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.മിക്ക മത്സ്യത്തൊഴിലാളികളും രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തു കഴിഞ്ഞു.

ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകുന്ന എല്ലാ ബോട്ടുകളും പുതിയ വലകളാണ് ഉപയോഗിക്കുന്നത്. ഒരു പുതിയ വല നെയ്തെടുക്കുന്നതിന് 10000 രൂപയാണ് കൂലി. 10 പേർ അടങ്ങുന്ന സംഘമാണ് പുതിയ വലകൾ നെയ്യുന്നത്. 5 മണിക്കൂർ കൊണ്ട് പുതിയോരു വല നെയ്തെടുക്കാൻ കഴിയുമെന്ന് പ്രധാന മേസ്തിരിയായ പടനിലത്ത് ഷാജി പറഞ്ഞു. ഒരു ദിവസം മൂന്ന് വലകൾ നെയ്തെടുക്കാൻ കഴിയും. പഴയ വല അറ്റകുറ്റ പണി നടത്തി എടുക്കുന്നതിന് 4000 രൂപയാണ് കൂലിയായി വാങ്ങുന്നത്. 3 മണിക്കൂർ കൊണ്ട് വലയുടെ അറ്റകുറ്രപ്പണികൾ പൂർത്തീകരിക്കാൻ കഴിയും. ഒരു പുതിയ വല നെയ്തെടുക്കുന്നതിന് 85000 രൂപാ ചെലവ് വരുമെന്ന് ബോട്ടുടമകൾ പറഞ്ഞു.

Advertisement
Advertisement