അരിഞ്ഞിടണം അർജന്റീനയെ

Thursday 29 July 2021 1:39 AM IST

പുരുഷ ഹോക്കിയിൽ ഇന്ന് ജയിച്ചാൽ ക്വാർട്ടർ ഉറപ്പാക്കാം

ടോക്യോ:ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ നേരിടും. ജയിച്ചാൽ ഇന്ത്യയ്ക്ക് ക്വാർട്ടർ ഉറപ്പിക്കാം. രാവിലെ 6 മുതലാണ് മത്സരം. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റുള്ള ഇന്ത്യ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് . ഇത്രയും മത്സരങ്ങളിൽ നിന്ന് ഓരോ ജയവും സമനിലയും തോൽവിയുമുള്ള അർജന്റീന നാലാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരാണെങ്കിലും സമീപകാലത്ത് അത്ര ഫോമിലല്ല അർജന്റീന. ക്വാർട്ടർ പ്രതീക്ഷ സജീവമായി നിലനിറുത്താൻ അവർക്ക് ഇന്ന് തോൽക്കാതിരിക്കേണ്ടത് പ്രധാനമാണ്.

ഇതുവരെ

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ 3-2ന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ആസ്ട്രേലിയയോട് 1-7ന്റെ വമ്പൻ തോൽവി വഴങ്ങി. എന്നാൽ മൂന്നാം മത്സരത്തിൽ സ്പെയിനെ 3-0ത്തിന് തോൽപ്പിച്ച് വിജയവഴിയിൽ തിരിച്ചെത്തി. ഇന്നത്തെ മത്സരത്തിന് ശേഷം ജപ്പാനുമായും ഇന്ത്യയ്ക്ക് മത്സരമുണ്ട്

മറുവശത്ത് അർജന്റീന ആദ്യ മത്സരത്തിൽ സ്പെയിനുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ ജപ്പാനെ 2-1ന് തോൽപ്പിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിൽ ആസ്ട്രേലിയയോട് 2-5ന് തോറ്റു. ന്യൂസിലൻഡിനെതിരേയും അവർക്ക് മത്സരമുണ്ട്.

പ്രതീക്ഷ

റാങ്കിംഗിലും സമീപകാല പ്രകടനങ്ങളിലും ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഇന്ത്യ റാങ്കിംഗിൽ നാലാമതും അർജന്റീന ഏഴാമതുമാണ്. ഏപ്രിലിൽ നടത്തിയ അർജന്റീനിയൻ പര്യടനത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് മത്സരങ്ങളിൽ ഇന്ത്യ ജയിക്കുകയും ഒരെണ്ണം സമനിലയാവുകയും ചെയ്തു. ഒരു മത്സരത്തിൽ മാത്രമാണ് അർജന്റീനയ്ക്ക് ജയം നേടാൻ കഴിഞ്ഞത്. ഈ വർഷം പ്രോ ലീഗ് ഹോക്കിയിയിൽ ഏറ്രുമുട്ടിയപ്പോഴും രണ്ട് തവണയും ഇന്ത്യയ്ക്കായിരുന്നു ജയം.