അനർഹമായ ആനുകൂല്യം നേടുന്നവരല്ല മുസ്ലിം സമുദായം:മുഖ്യമന്ത്രി
Thursday 29 July 2021 2:12 AM IST
തിരുവനന്തപുരം: സർക്കാരിൽ നിന്നും അനർഹമായ ആനുകൂല്യങ്ങൾ നേടുന്നവരാണ് മുസ്ലീം വിഭാഗമെന്ന് തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളും മതനിരപേക്ഷതയ്ക്ക് ഊന്നൽ കൊടുക്കുന്നവരാണ്. വർഗീയ താത്പര്യങ്ങൾക്ക് മറ്റ് സമുദായങ്ങളുടെ പേര് ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കണം. ക്ഷേമനിധി നടത്തിപ്പിൽ പ്രശ്നങ്ങളുള്ളതായി കാണുന്നില്ല.
മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ എണ്ണം കൂടുതലാണെന്ന ആക്ഷേപം പരിശോധിക്കാം. മദ്രസ അദ്ധ്യാപകർക്കായി സർക്കാർ ശമ്പളം നൽകുന്നില്ല. ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ട്. 23,809 അംഗങ്ങളാണ് ക്ഷേമനിധിയിലുള്ളത്. മതവിഭാഗങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.