മരംകൊള്ള : അറസ്റ്റ് കോടതിക്ക് മുന്നിൽ നിൽക്കക്കള്ളിയില്ലാതെ

Thursday 29 July 2021 4:07 AM IST

തിരുവനന്തപുരം: മുട്ടിൽ മരം കൊള്ളയിൽ ഹൈക്കോടതിയുടെ നിശിത വിമർശനത്തിൽ പിടിച്ചു നൽക്കാനാവാതെ വന്നപ്പോഴാണ് പ്രതികളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

മരമുറിയിൽ 701 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് 23ന് നിയമസഭയിൽ പ്രതിപക്ഷം ചോദിച്ചപ്പോൾ കോടതിയിൽ

കേസുള്ളതിനാലാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇതേ ചോദ്യം

ആവർത്തിക്കുകയും പ്രതികളുമായി ഒത്തുകളിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നു പറയേണ്ടിവരുമെന്ന് വാക്കാൽ പരാമർശിക്കുകയും ചെയ്തതോടെയാണ് അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിൻ, സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്യാൻ നിർബന്ധിതരായത്.
നിയമസഭയിൽ 23 ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന്,​ കേസുകൾ കോടതിയിലായതിനാൽ അറസ്റ്റിന് കഴിയുന്നില്ലെന്നായിരുന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ മറുപടി. മരംമുറിയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും പ്രതികളിൽ ഒരാളെപ്പോലും അന്ന് അറസ്റ്റ് ചെയ്തിരുന്നില്ല. ജൂണിൽ പുറത്തുവന്ന മുട്ടിൽ മരം കൊള്ള കേസിൽ ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫീസറെയും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും സസ്‌പെൻഡ് ചെയ്യുക മാത്രമാണുണ്ടായത്.
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ എൻ.ടി.സാജൻ പ്രതികളെ സഹായിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണം വഴി തെറ്റിക്കാൻ സാജൻ ശ്രമിച്ചതായും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫീസറെയും ഡി.എഫ്. ഒ യെയും സാജൻ കുടുക്കാൻ ശ്രമിച്ചെന്നും ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ കണ്ടെത്തിയിരുന്നു. എന്നിട്ടും സർക്കാർ നടപടികളെടുത്തില്ല. ഇയാളെ സസ്പെൻഡ് ചെയ്യാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി , ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടു.

Advertisement
Advertisement