എം.സ്വരാജിന്റെ തിര. ഹർജി: കെ.ബാബുവിനും മറ്റും നോട്ടീസ്

Thursday 29 July 2021 4:09 AM IST

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫിലെ കെ.ബാബുവിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി എം.സ്വരാജ് നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ച് ഹർജി ഓണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

തൃപ്പൂണിത്തുറയിൽ സ്വാമി അയ്യപ്പന്റെ പേരുപറഞ്ഞ് കെ.ബാബു വോട്ടു തേടിയത് തിരഞ്ഞെടുപ്പു ക്രമക്കേടാണെന്നാരോപിച്ചാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 992 വോട്ടിനാണ് ബാബു വിജയിച്ചത്. ബാബുവിനു പുറമേ സ്ഥാനാർത്ഥികളായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്‌ണൻ, കെ.പി.അയ്യപ്പൻ, പി.സി.അരുൺ ബാബു, രാജേഷ് പൈറോഡ്, സി.ബി.അശോകൻ എന്നിവർക്കും നോട്ടീസ് നൽകാനാണ് നിർദ്ദേശം.