കേരളത്തിലെ 50 ശതമാനം പുതിയ കേസുകൾക്കും ഒരു കാരണം മാത്രം, ഏഴ് ജില്ലകളിൽ സ്ഥിതി ആശങ്കാജനകം, വിമർശനവുമായി കേന്ദ്രം

Thursday 29 July 2021 10:20 AM IST

ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് അതിവ്യാപന മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും സംസ്ഥാനത്തെ 50% പുതിയ കേസുകൾക്കും കാരണം ഇതാണെന്നും കേന്ദ്രത്തിന്റെ വിമർശനം.

രാജ്യത്ത് കൊവിഡ് നിയന്ത്രണാതീതമായ 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലാണ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കോവിഡ് ആശങ്കാജനകമായി വർദ്ധിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. സംസ്ഥാനത്തെ പത്തു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലാണ്. രാജ്യത്ത് ഇത്തരം 54 ജില്ലകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിന രോഗികൾ 30,000ൽ താഴെ

24 മണിക്കൂറിനുള്ളിൽ പുതിയ രോഗികൾ 29,689. 132 ദിവസത്തെ ഏറ്റവും കുറവാണിത്. രോഗസ്ഥിരീകരണം 1.72 %. രോഗമുക്തർ 42,263. മരണം 415. രാജ്യത്തെ ആകെ രോഗികൾ നാല് ലക്ഷത്തിൽ താഴെയായി. ചികിത്സയിൽ 3,98,100 പേർ. രോഗമുക്തർ 3,06,21,495 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 4,21,392. ഇതുവരെ വാക്സിൻ സ്വീകരിച്ചവർ 44,19,12,395.


വൈറസ് തളർന്നില്ല

ഉത്സവ സീസണ് മുൻപ് വാക്സിനേഷൻ അതീവ വേഗത്തിലാക്കണം. വാക്സിൻ കൊണ്ട് രോഗത്തെ 98% ചെറുക്കാം. നമ്മൾ തളർന്നേക്കാം. വൈറസ് തളർന്നിട്ടില്ല. രണ്ടാംതരംഗം അവസാനിച്ചിട്ടില്ല. ചില ജില്ലകളിൽ കേസുകൾ കൂടിയും കുറഞ്ഞും നിൽക്കുകയാണ്. വാക്സിനേഷനും ജാഗ്രതയും മാത്രമാണ് പ്രതിവിധി. സ്‌കൂളുകൾ തുറക്കുന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്

ഡോ. വി.കെ പോൾ

നീതി ആയോഗ് അംഗം