കേസിൽ കൂട്ട് നിൽക്കാത്ത ഉദ്യോഗസ്ഥയെ സർക്കാർ സ്ഥലം മാറ്റിയത് നല്ലൊരു കക്കൂസ് പോലുമില്ലാത്ത ഓഫീസിലേക്ക്, ഈ വിധി തനിക്കുള്ള അംഗീകാരമെന്ന് ബീനാ സതീഷ്

Thursday 29 July 2021 12:08 PM IST

തിരുവനന്തപുരം : നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്നും, മന്ത്രി വി ശിവൻകുട്ടിയടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്നുമുള്ള സുപ്രീം കോടതി വിധി സർക്കാരിന് കടുത്ത ആഘാതമാവുമ്പോൾ ഈ വിധിയിൽ സന്തോഷിക്കുകയാണ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ബീനാ സതീഷ്. 21 വർഷത്തെ സർവീസിനിടെ ഒരു കുറ്റാരോപണ മെമ്മോ പോലും ലഭിക്കാത്ത ഈ ഉദ്യോഗസ്ഥയുടെ സത്യസന്ധമായ ഇടപെടലിന് പക്ഷേ സർക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണ് ലഭിച്ചത്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനാലാണ് കടുത്ത നടപടികളെ നേരിടേണ്ടി വന്നത്.

കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജിയെ തിരുവനന്തപുരം സി ജെ എം കോടതിയിൽ ഞാൻ അനുകൂലിച്ചിരുന്നില്ല. തുടർന്ന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റി. വിരമിക്കാൻ ഏഴു മാസം ശേഷിക്കേയായിരുന്നു ചട്ടവിരുദ്ധ സ്ഥലമാറ്റം. നല്ലൊരു ടോയ്‌ലെറ്റു പോലുമില്ലാത്ത ആലപ്പുഴ ഓഫീസിലേക്കുള്ള സ്ഥലംമാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ബീനാ സതീഷ് ഓർക്കുന്നു. മാനസിക സംഘർഷങ്ങളെ തുടർന്ന് ചികിത്സ തേടേണ്ടിവന്നു. കാരണം നേരിടേണ്ടി വന്നത് കടുത്ത എതിർപ്പുകളും ഒറ്റപ്പെടുത്തലുമായിരുന്നു. വഞ്ചിയൂർ കോടതി മുതൽ സുപ്രീം കോടതിവരെ തന്റെ നിലപാടുകൾ അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട് ബീന പറഞ്ഞു.

Advertisement
Advertisement