അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പൊലീസ് അകമ്പടിയില്ലാതെ പോകണമെന്ന് പ്രതികൾ പറ്റില്ലെന്ന് ജഡ്ജി, വാഗ്വാദം, കോടതിയിൽ നാടകീയ രംഗങ്ങൾ

Thursday 29 July 2021 1:28 PM IST

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളെ ഹാജരാക്കിയപ്പോൾ ബത്തേരി കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ. അമ്മയുടെ സംസ്കാര ചടങ്ങിൽ പൊലീസ് അകമ്പടിയില്ലാതെ പങ്കെടുക്കണമെന്ന് പ്രതികൾ വാശിപിടിച്ചതാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. ഒരുവേള പ്രതികൾ ജഡ്ജിയോടും പൊലീസ് ഉദ്യോഗസ്ഥരോടും രൂക്ഷമായ വാദ പ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്തു.

പ്രതികളെ കോടതി പതിനാലുദിവസത്തേക്ക് റിമാൻഡുചെയ്തു. അപ്പോഴാണ് തങ്ങളുടെ അമ്മ കഴിഞ്ഞദിവസം മരിച്ചുവെന്നും സംസ്കാര ചടങ്ങിൽ പൊലീസ് അകമ്പടിയില്ലാതെ പങ്കെടുക്കാൻ അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇതോടെയാണ് പ്രതികളുടെ ഭാഗത്തുനിന്ന് രൂക്ഷ പ്രതികരണങ്ങളുണ്ടായത്. പൊലീസ് അകമ്പടിയില്ലാതെ പോകാൻ അനുവദിച്ചില്ലെങ്കിൽ തങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് പ്രതികൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പ്രതികളുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതിയും വ്യക്തമാക്കി. തുടർന്ന് പ്രതികളെ ജയിലിലേക്ക് മാറ്റി. ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് തങ്ങളെ വെടിവച്ചുകൊല്ലുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന നിലപാടിലാണ് പ്രതികൾ.