ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്
തിരുവനന്തപുരം: പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. അടുത്തമാസം നാലിന് അവസാനിക്കുന്ന പട്ടിക സെപ്തംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഉത്തരവിന്റെ നിയമ വശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് വേളയിൽ സർക്കാരിനെ ഏറെ വലച്ച സമരമായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടേത്. പ്രധാനപ്പെട്ട ആറ് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയതോടെയാണ് അന്ന് സമരം അവസാനിപ്പിക്കാൻ ഉദ്യോഗാർത്ഥികൾ തയ്യാറായത്. എന്നാൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ഉദ്യോഗാർത്ഥികൾ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു.
ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് നാല് വരെ നീട്ടിയത്. കൊവിഡും ലോക്ക്ഡൗണും കാരണം അഡ്‌വൈസ് മെമ്മോ ലഭിക്കുകയോ നിയമനം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് ഉദ്യാഗാര്‍ഥികള്‍ ട്രിബ്യൂണലിനെ സമീപിച്ചത്.