കുറ്റവാളികളുടെ അന്തർസംസ്ഥാന താവളമായി കാർവാറിലെ ചെമ്മീൻകെട്ട്

Friday 30 July 2021 12:17 AM IST
മോഷണസംഘത്തിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ

കാസർകോട്: കർണ്ണാടക കാർവാറിലെ ചെമ്മീൻകെട്ടും പരിസരവും കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുടെയും കവർച്ചാ സംഘങ്ങളുടെയും താവളമാണ്. പൊലീസിന്റെ കണ്ണിൽപ്പെടാതെ എത്രകാലം വേണമെങ്കിലും കള്ളന്മാർക്കും കൊള്ളക്കാർക്കും ഇവിടെ കഴിയാം. കവർച്ച ചെയ്തു കൊണ്ടുവരുന്ന തൊണ്ടിമുതലുകൾ വിൽക്കാനും വാങ്ങാനും കാർവറിൽ പ്രത്യേക ഗ്യാംഗുകളും തയ്യാർ.

നാട്ടുകാരിൽ ചിലരെ തൊണ്ടിമുതലുകൾ കൊടുത്തും കവർച്ചാസംഘം തങ്ങളുടെ സ്വാധീനവലയത്തിലാക്കും. കേരളത്തിൽ നിന്നും കവർച്ച ചെയ്യുന്ന മുതലുകളുമായി രക്ഷപ്പെടുന്ന സംഘം ആദ്യമെത്തുന്നത് സുരക്ഷിത താവളമായ ചെമ്മീൻകെട്ടിലെ കേന്ദ്രത്തിലാണ്. ഗുണ്ടാസംഘങ്ങളുടെ വിഹാരകേന്ദ്രമായ ഈ ഒളിസങ്കേതത്തിലേക്ക് സാഹസികമായി നുഴഞ്ഞുകയറിയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുപ്രസിദ്ധ കുറ്റവാളിയും കാഞ്ഞങ്ങാട്ടെ കവർച്ചാക്കേസിലെ പ്രതിയുമായ ടോണി എന്ന ജോർജിനെ പൊക്കിയത്.

കാസർകോട് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവിന്റെ നിർദ്ദേശ പ്രകാരമാണ് എസ്.ഐ. സതീഷ്, ശ്രീജേഷ്, എ.എസ്.ഐ. അബൂബക്കർ, ജിനേഷ് തുടങ്ങിയവർ അതീവ രഹസ്യമായി ഓപ്പറേഷൻ നടത്തിയത്. ജോർജിനെ കാർവറിൽ നിന്നും കൂട്ടാളി കാരാട്ട് നൗഷാദിനെ സാധനങ്ങൾ വിൽക്കാനുള്ള ശ്രമത്തിനിടെ കുന്താപുരത്തുനിന്നും പിടികൂടിയത് പൊലീസിന്റെ അന്വേഷണ മികവിലാണ്. ഇരുവരും കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ ഗുണ്ടാസംഘങ്ങൾക്ക് സഹായം ചെയ്യുന്ന കൗൺസിലർ ഉൾപ്പെടെയുള്ളവർക്ക് നൽകിയിരുന്നതായി ഡിവൈ.എസ്.പിയും സംഘവും കണ്ടെത്തുകയായിരുന്നു. കർണ്ണാടകയിൽ മറ്റൊരു ഓപ്പറേഷൻ കൂടി നടത്താൻ പദ്ധതിയിട്ട സംഘം അതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്ന പൊലീസിന്റെ പിടിയിലാകുന്നത്.

കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ 90 ശതമാനവും വീണ്ടെടുക്കാനായതും പൊലീസിന് വലിയ നേട്ടമായി. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന തൊണ്ടിമുതൽ സഹിതമാണ് ഇവർ പിടിയിലായത്. തികച്ചും സാഹസികമായി സൈബർ സെല്ലിന്റെ സഹായത്തോടെ ആയിരുന്നു അന്വേഷണം. പ്രതികൾ തീവണ്ടി മാർഗ്ഗം സഞ്ചരിക്കുന്നത് പരിശോധിക്കാൻ കർണാടക റെയിൽവേ ഇൻസ്‌പെക്ടർ വിനോദ് നായരും സംഘവും രംഗത്തുണ്ടായിരുന്നു.

കാരാട്ട് നൗഷാദിനെയും ജോർജിനെയും പിടികൂടാൻ സാധിച്ചതിലൂടെ നാല് പ്രമാദ കേസുകൾക്ക് തുമ്പുണ്ടാക്കാൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. കാഞ്ഞങ്ങാട് കോടതിയിലെ ജഡ്ജിയുടെ വീട്ടിലെ മോഷണശ്രമം ഉൾപ്പെടെയുള്ള കേസുകൾക്കും തുമ്പായിട്ടുണ്ട്.

Advertisement
Advertisement