പ്രളയമുന്നൊരുക്കം: വളവനാരി കോളനി സന്ദർശിച്ച് കളക്ടറും സംഘവും

Friday 30 July 2021 12:16 AM IST
ജി​ല്ലാ കളക്ടർ ദി​വ്യ എസ്. അയ്യർ വളവനാരി​ കോളനി​ സന്ദർശി​ക്കുന്നു

തിരുവല്ല: "മഴ കനത്താലുടൻ ഇവിടെല്ലാം വെള്ളം കയറും, പിന്നെ വെള്ളത്തിലും ചങ്ങാടത്തിലുമാണ് ഞങ്ങടെ ജീവിതം..." പെരിങ്ങര പഞ്ചായത്തിലെ വളവനാരി കോളനി സന്ദർശിച്ച ജില്ലാകളക്ടർ ഡോ. ദിവ്യ എസ് അയ്യരോടാണ് നാട്ടുകാരുടെ പരിഭവം. പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രളയബാധിത പ്രദേശമായ വളവനാരി കോളനിയിൽ ദുരന്തനിവാരണ സംഘത്തോടൊപ്പമാണ് ജില്ലാ കളക്ടർ സന്ദർശിച്ചത്. ഇന്നലെ ഉച്ചയോടെ എത്തിയ സംഘം കോളനിയിലും സമീപത്തുമുള്ള നാൽപ്പതോളം വീടുകളിലും പ്രദേശങ്ങളിലുമായി രണ്ട് മണിക്കൂറോളം ചെലവിട്ടു. തിരികെ പഞ്ചായത്ത് ഓഫീസിലെത്തിയ ജില്ലാകളക്ടറോട് പഞ്ചായത്ത് ഓഫീസിലെ വെള്ളക്കെട്ടിന്റെ പ്രശ്നങ്ങളും പഞ്ചായത്ത് അധികൃതർ അവതരിപ്പിച്ചു. പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, എൻ.ഡി.ആർ.എഫ് ടീം കമാൻഡർ കെ.കെ അശോക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര രാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എബ്രഹാം തോമസ്, ശാന്തമ്മ ആർ.നായർ, റിക്കുമോനി വർഗീസ്, തഹസിൽദാർ സുധാമണി തുടങ്ങിയവർ സംഘത്തോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിലധികം റസ്‌ക്യു ഷെൽറ്ററുകൾ ഒരുക്കും.വെള്ളപ്പൊക്കമുണ്ടായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കേണ്ടി വരും. അതിനായി സംസ്ഥാന ദുരന്തനിവാരണ വിഭാഗമായും ദേശീയ ദുരന്തനിവാരണ പ്രതിരോധ സേനയുമായും സഹകരിച്ച് എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള വെള്ളപ്പൊക്ക മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം നടത്തി വരികയാണ്.

ഡോ. ദിവ്യ എസ് അയ്യർ,

ജില്ലാ കളക്ടർ

Advertisement
Advertisement