പത്ത് മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചു

Friday 30 July 2021 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ച് സർക്കാർ ഉത്തരവായി. വയനാട് മെഡിക്കൽ കോളേജിൽ ആദ്യമായാണ് പ്രിൻസിപ്പലിനെ നിയമിക്കുന്നത്. മറ്റ് മെഡിക്കൽ കോളേജുകളിൽ വിരമിച്ച ഒഴിവുകളാണ് നികത്തിയത്. സ്ഥാനക്കയറ്റം ലഭിച്ച മുറയ്ക്കാണ് പുതിയ നിയമനങ്ങളെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.കെ.മുബാറക്കാണ് വയനാട് മെഡിക്കൽ കോളേജിന്റെ ആദ്യ പ്രിൻസിപ്പലാകുന്നത്.

കോന്നി സർക്കാർ മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന ഡോ.മിന്നി മേരി മാമ്മനെ പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിന്റെയും കോഴിക്കോട്മെഡിക്കൽ കോളേജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ. എം. സബൂറാ ബീഗത്തിനെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായും നിയമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രൊഫസറും തിരു. മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോ. കെ.അജയകുമാറാണ് കണ്ണൂർ മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പൽ.

തിരു. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി പ്രൊഫസറായ ഡോ.പി.കലാ കേശവൻ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാകും. തിരു.മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ പ്രൊഫസറായ ഡോ. കെ.ശശികലയെ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിന്റെയും കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി പ്രൊഫസറായ ഡോ. എസ്. പ്രതാപിനെ തൃശൂർ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായും നിയമിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.പി.ജയകുമാറിനെ കോട്ടയം മെഡിക്കൽ കോളേജിന്റെയും

മഞ്ചേരി മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ ഡോ. ബി. ഷീലയെ ഇടുക്കി മെഡിക്കൽ കോളേജിന്റെയും പ്രിൻസിപ്പലായി നിയമിച്ചു.

ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായ ഡോ. എം.എച്ച്. അബ്ദുുൾ റഷീദിനെ കൊല്ലം മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചു.

കൊല്ലം മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഡോ. എൻ. റോയിയെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌പെഷ്യൽ ഓഫീസറായും നിയമിച്ചു.



Advertisement
Advertisement