കുടമണികിലുക്കി 75ലും ജോയിസിന്റെ ഗ്രാമരഥം

Thursday 29 July 2021 10:54 PM IST

കാളവണ്ടിയുമായി കുട്ടപ്പനും മകൻ ജോയ്‌സും

ചങ്ങനാശേരി: ഇതിപ്പോൾ വെറും കാളവണ്ടിയല്ല, ജോയിസിന്റെ ഗ്രാമരഥം. ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട് പുല്ലാനിപ്പറമ്പിൽ കുടുംബത്തിലെ കാളവണ്ടി സർവീസിന്. ദാവീദിലൂടെ, മകൻ കുട്ടപ്പനിലൂടെ, കൊച്ചുമകൻ ജോയിസിലൂടെ ഈ കുടമണികിലുക്കം തുടരുന്നു. അഞ്ച് മലയാള സിനിമകളിലും ബോളിവുഡ് താരം റാണി മുഖർജി അഭിനയിച്ച പരസ്യചിത്രത്തിലും 'മുഖം കാണിച്ച' താരംകൂടിയാണിത്. സീരിയലുകൾ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ, വിവാഹ ആൽബങ്ങൾ, ഉദ്ഘാടനങ്ങൾ, ജാഥകൾ, കാർഷികപ്രദർശന മേളകൾ തുടങ്ങിയവയിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു.

കൊവിഡ് വന്നതോടെ കുട്ടപ്പൻ കാളവണ്ടി ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ്. കാളകളെ ഒരു വർഷം മുൻപ് വിൽക്കുകയും ചെയ്തു. വണ്ടിയും വിൽക്കാൻ തയ്യാറെടുക്കുമ്പോഴാണ് മകൻ ജോയ്‌സ്, കുടുംബത്തിന്റെ പാരമ്പര്യസ്വത്തായ കാളവണ്ടിക്ക് പുതുജീവൻ നൽകാൻ തീരുമാനിച്ചത്. പാലക്കാട്ടുനിന്ന് പണിക്കാരെ വരുത്തി അറ്റകുറ്റപ്പണികൾ നടത്തി. തൊടുപുഴയിൽ നിന്ന് രണ്ട് പുതിയ വെള്ളക്കാളകളെ വാങ്ങി. ഭാരവണ്ടി വലിക്കാൻ അവയ്ക്ക് പ്രത്യേക പരിശീലനവും നൽകി. അതോടെ സംഭവം ജോറായി.

കരുമാടിക്കുട്ടൻ, ബാല്യകാലസഖി, ബ്രിട്ടീഷ് മാർക്കറ്റ്, ആകാശം, ആമേൻ എന്നീ ചിത്രങ്ങളിലാണ് ഈ കാളവണ്ടി 'അഭിനയി'ച്ചത്. വിദേശത്തുനിന്നു വരുന്ന കുട്ടികൾക്ക്. സവാരിക്കായും കാളവണ്ടി ബുക്ക് ചെയ്യുന്നുണ്ട്. കൊവിഡാനന്തരം ടൂറിസം രംഗത്ത് പുതിയ സ്റ്റാർട്ടപ്പുകൾ വരുന്നതോടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോയ്‌സും കുട്ടപ്പനും. സൈക്കിളിനുപകരം കാളവണ്ടിയിൽ വന്നിറങ്ങുന്ന ഹീറോയെയും സിനിമയിൽ പ്രതീക്ഷിക്കുന്നുണ്ട് ജോയിസ്.

 ദാവീദിന്റെ ചരക്ക് വാഹനം

75 വർഷംമുമ്പ് കുട്ടപ്പന്റെ പിതാവ് ദാവീദ് ചരക്കുഗതാഗതത്തിനാണ് കാളവണ്ടി വാങ്ങിയത്. അന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചങ്ങനാശേരി ചന്തയിലേക്ക് ആയിരത്തിനടുത്ത് കാളവണ്ടികൾ ചരക്കുകളുമായി വന്നിരുന്നു. റോഡുകൾ സഞ്ചാരയോഗ്യമാവുകയും വിവിധ മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തതോടെ മറ്റു കാളവണ്ടി സർവീസുകൾ മെല്ലെ ഇല്ലാതായി. കുട്ടപ്പന്റെ കാളവണ്ടി മാത്രം ശേഷിച്ചു. ചങ്ങനാശേരി ചന്തയിൽ നിന്ന് ഇത്തിത്താനത്തെ കടകളിലേക്ക് പലചരക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു കുട്ടപ്പന്റെ പണി.

Advertisement
Advertisement